Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി സംസ്ഥാന നേതൃത്വം: ആർഎസ്എസ് ഇടഞ്ഞുതന്നെ

Amit Shah

പത്തനംതിട്ട /തിരുവനന്തപുരം∙ അടൂരിൽ രണ്ടു ദിവസമായി നടന്ന ആർഎസ്എസ് വാർഷിക യോഗത്തിൽ സംസ്ഥാന ബിജെപി കമ്മിറ്റിയെച്ചൊല്ലി ഭിന്നത. ബിജെപിയും അമിത്ഷായുമായി ഇനി ഒത്തുതീർപ്പു വേണ്ടെന്ന കടുത്ത നിലപാട് ഒരു വിഭാഗം കൈക്കൊണ്ടതോടെ വിഷയം ചർച്ചയ്ക്കെടുത്തില്ല. കുമ്മനം രാജശേഖരനെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പിൻവലിച്ചതാണു ഭിന്നതയ്ക്കു കാരണം.

ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച്, ബിജെപി ജനറൽ സെക്രട്ടറിമാരായി നിയോഗിച്ചിരിക്കുന്ന എം.ഗണേശൻ, കെ.സുഭാഷ് എന്നിവരെ പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യം ഉയർന്നു. പരിവാർ സംഘടനകളിൽ ഭിന്നാഭിപ്രായമുണ്ടായാ‍ൽ പരിഹരിക്കേണ്ട ആർഎസ്എസ്, പ്രശ്നം വഷളാക്കാൻ ശ്രമിക്കരുതെന്നു മറുവിഭാഗം നിലപാടെടുത്തു. എസ്.സേതുമാധവൻ, എ.ഗോപാലകൃഷ്ണൻ, എ.നന്ദകുമാർ, ആർ.സഞ്ജയൻ. എ.ആർ.മോഹനൻ എന്നിവർ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. അതേസമയം പി.ഗോപാലൻകുട്ടി, ഈശ്വരൻ നമ്പൂതിരി, പി.ആർ. ശശിധരൻ എന്നിവർ ബിജെപിയെ പാഠം പഠിപ്പിക്കണമെന്ന നിലപാടാണു സ്വീകരിച്ചത്. കേരള പ്രാന്ത പ്രചാരക് ഹരികൃഷ്ണകുമാർ, സഹകാര്യവാഹക് എം.രാധാകൃഷ്ണൻ എന്നിവർ നിഷ്പക്ഷത പാലിച്ചെങ്കിലും കുമ്മനത്തിന് അനുകൂലമായിരുന്നു അവരുടെ നിലപാടുകളും. പ്രശ്നത്തിൽ സർസംഘ ചാലക് മോഹൻ ഭഗവത് ഇടപെടുമെന്നു സൂചനയുണ്ട്.

രണ്ടു ദിവസമായി നടന്ന നേതൃയോഗം ബിജെപി ഒഴികെ മുഴുവൻ പരിവാർ സംഘടനകളുടെയും വാർഷിക പദ്ധതികൾ ചർച്ച ചെയ്തു. ഇതിനിടെ നാളെ എത്തുന്ന ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, ആർഎസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമോ എന്നു വ്യക്തമല്ല. അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന നിലപാടിലാണ് ആർഎസ്എസ്.