Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിവസവും വഴിയിൽ കിടക്കുന്നത് 600 കെഎസ്ആർടിസി ബസുകൾ; പ്രതിദിന വരുമാന നഷ്ടം 72 ലക്ഷം രൂപ

ksrtc-bus

പത്തനംതിട്ട ∙ സംസ്ഥാനത്തു സർവീസിനിടെ തകരാറാകുന്നതു പ്രതിദിനം ശരാശരി 600 കെഎസ്ആർടിസി ബസുകൾ. വാഹനപരിപാലനത്തിൽ മറ്റു സംസ്ഥാനങ്ങളിലെ കോർപറേഷനുകളുടെ നാലിലൊന്നു കാര്യക്ഷമതപോലും ഇല്ലെന്നാണു കെഎസ്ആർടിസിയുടെ തന്നെ കണ്ടെത്തൽ. അറ്റകുറ്റപ്പണി ചടങ്ങുമാത്രമാകുന്നതും സ്പെയർ പാർട്സിന്റെ ഗുണമില്ലായ്മയുമാണു ബസുകൾ അടിക്കടി വഴിയിലാകുന്നതിനുള്ള പ്രധാന കാരണങ്ങൾ.

കഴിഞ്ഞ മാർച്ചിൽ മാത്രം ബസുകൾ വഴിയിലായതിലൂടെ കെഎസ്ആർടിസിക്ക് നഷ്ടമായതു 19,403 സർവീസ് ദിനങ്ങളാണ്. ഇതിൽ 1948 എണ്ണവും എൻജിൻ കേടായി വഴിയിലായതുമൂലം. ടയർ പൊട്ടിയതുമൂലം 419, ക്ലച്ച് തകരാർ ഉൾപ്പെടെയുള്ളവ മൂലം 13,780 എന്നിങ്ങനെയാണു മുടങ്ങിയ മറ്റു സർവീസുകൾ.

ബസ്സുകൾ വഴിയിൽ കിടക്കുന്നത് ഇതര സംസ്ഥാന കോർപറേഷനുകളിൽ അഞ്ചു ശതമാനമാണെങ്കിൽ കേരളത്തിൽ 20 –25 ശതമാനമാണെന്നാണു റിപ്പോർട്ട്. ലോ ഫ്ലോർ എസി ബസുകൾ ഉൾപ്പെടെ 6400 ബസുകളാണു സർവീസിനുള്ളത്. ഇതിൽ മിക്കപ്പോഴും സർവീസിനയയ്ക്കാൻ കഴിയുന്നത് 5200 നും 5300 ഇടയിൽ മാത്രം. ഒരു ബസ് സർവീസിനയച്ചാൽ 12,000 രൂപയുടെ വരുമാനമെന്നാണു കണക്ക്. ദിവസം 600 ബസുകൾ വഴിയിലാകുമ്പോൾ അതിന്റെ മാത്രം നഷ്ടം 72 ലക്ഷം.

ഡ്രൈവർമാർക്കു പ്രത്യേക പരിശീലനം ലഭ്യമാക്കിയിട്ടും വാഹനങ്ങളുടെ ഇന്ധനക്ഷമതയും മറ്റു സംസ്ഥാനങ്ങളുടേതിനേക്കാൾ കുറവാണ്. റോഡിന്റെ അവസ്ഥയും ഗതാഗതക്കുരുക്കുമാണു മറ്റുകാരണങ്ങൾ. മറ്റു സംസ്ഥാനങ്ങളിൽ ഒരു ലീറ്റർ ഡീസലിൽ അഞ്ചു കിലോമീറ്റർ കിട്ടുമെങ്കിൽ കെഎസ്ആർടിസിക്കു പരമാവധി 4.29 കിലോമീറ്ററാണു ലഭിക്കുന്നത്; അതും ചില ബസുകൾക്കു മാത്രം. കൂടുതലും 3.8 –4.0 കി.മീ.വരെയാണു ലഭിക്കുന്നത്.

കെഎസ്ആർടിസിയും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷനും ഒരുപോലെ സർവീസ് നടത്തുന്ന തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിൽ കെഎസ്ആർടിസി ബസിനു ലഭിക്കുന്ന ഇന്ധനക്ഷമത നാലു കിലോമീറ്ററും തമിഴ്നാടിന് അഞ്ചു കിലോമീറ്ററുമാണ്.

related stories