Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്നു കേരളത്തിൽ

Amit Shah

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ വിലയിരുത്താനെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായോടു കേരളത്തിൽ പാർട്ടിക്കു പ്രസിഡന്റില്ലാതെ എങ്ങനെ തിരഞ്ഞെടുപ്പു നേരിടാനാകുമെന്ന ചോദ്യമാകും ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുക. പാർട്ടി അണികളിൽ നിന്നും പരിവാർ സംഘടനകളിൽ നിന്നും ഇക്കാര്യത്തിലുണ്ടായ പ്രതിഷേധത്തിന്റെ ചൂട് അമിത് ഷായും തന്റെ ഫെയ്സ് ബുക് പേജിലൂടെ നേരിട്ടറിഞ്ഞ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ സന്ദർശനത്തിന്റെ അജൻഡയും മാറിമറിഞ്ഞേക്കും.

സംസ്ഥാന അധ്യക്ഷന്റെ നിയമനം നീട്ടുന്നതു പാർട്ടിയിലെ ഭിന്നത രൂക്ഷമാക്കുമെന്ന കൃത്യമായ സന്ദേശം ആർഎസ്എസ് അടക്കം ഇതിനകം ബിജെപി ദേശീയനേതൃത്വത്തിനു കൈമാറിയിട്ടുണ്ട്. കുമ്മനം രാജശേഖരനെ അധ്യക്ഷ പദവിയിൽ നിന്നു നീക്കിയത് ആർഎസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു. കുമ്മനത്തിനു പകരം ആർഎസ്എസ് മുന്നോട്ടുവച്ച പേരുകൾക്കും ദേശീയ നേതൃത്വം പരിഗണന നൽകിയില്ല. ഈ സാഹചര്യത്തിൽ ആർഎസ്എസിന്റെ പരിഭവം ആദ്യമേ തന്നെ തീർക്കുകയെന്ന ലക്ഷ്യവും അമിത് ഷായ്ക്കുണ്ട്.

രാവിലെ 11നു തിരുവനന്തപുരത്ത് എത്തിയാലുടനെ ആദ്യ കൂടിക്കാഴ്ച ആർഎസ്എസ് നേതാക്കളുമായാണ്. അതേ സമയം തങ്ങളുടെ നിർദേശങ്ങൾക്കു വില നൽകാത്ത നേതാവിനെ കാണേണ്ടെന്ന നിലപാടുകാരും ആർഎസ്എസിലുണ്ട്. ബിജെപിയടക്കം പരിവാർ സംഘടനകളിൽ യോജിപ്പുണ്ടാക്കേണ്ട തങ്ങൾ തന്നെ നിലവിലെ സ്ഥിതി വഷളാക്കാൻ ശ്രമിക്കരുതെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ടു സർസംഘചാലക് മോഹൻ ഭാഗവതിനു കേരളത്തിൽ നിന്നുള്ള പ്രവർത്തകർ കത്തുകളയച്ചതായും സൂചനയുണ്ട്. വിഭാഗീയപ്രവർത്തനങ്ങളിൽ പങ്കുണ്ടെന്നു കരുതുന്ന ദേശീയ സെക്രട്ടറി ബി.എൽ.സന്തോഷിനെ ചുമതലയിൽ നിന്നു നീക്കണമെന്ന അഭിപ്രായത്തിൽ ആർഎസ്എസ് നേതൃത്വം ഒറ്റക്കെട്ടാണ്.

േദശീയ നേതൃത്വത്തിന്റെ പ്രീതി സമ്പാദിച്ചു പാർട്ടിയിലെ ഏതെങ്കിലുമൊരു വിഭാഗത്തിന്റെ നോമിനിയെ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കത്തെയും സംഘടന എതിർക്കുന്നു. ബിഡിജെഎസ് അടക്കമുള്ള ഘടകകക്ഷികളുടെ നേതാക്കളെ ഒരു ദിവസത്തെ ചർച്ചകൾക്കായി എത്തുന്ന അമിത് ഷാ കാണാനിടയില്ല. പാർട്ടിയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച ശേഷം മുന്നണിയിലെ കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന നിലപാടിലാണു ഘടകകക്ഷികൾ.