Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോത്സവം ഡിസംബറിൽ ആലപ്പുഴയിൽ; കായികമേള ഒക്ടോബറിൽ തിരുവനന്തപുരത്ത്

School Kalolsavam

തിരുവനന്തപുരം∙ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബർ അഞ്ചു മുതൽ ഒൻപതു വരെ ആലപ്പുഴയിൽ നടക്കും. സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ് ഒക്ടോബർ 22 മുതൽ 25 വരെ തിരുവനന്തപുരത്താണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അധ്യാപക സംഘടനാ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം.

ഇത്തവണ കായികമേളയിൽ 18 പുതിയ ഇനങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള നിർദേശം പരിഗണനയിലാണ്. സ്പെഷൽ സ്കൂൾ കലോത്സവം ഒക്ടോബർ 26 മുതൽ 28 വരെ കൊല്ലത്തു നടക്കും. സംസ്ഥാന ശാസ്ത്രമേള കണ്ണൂരിൽ നവംബർ ഒൻപതു മുതൽ 11 വരെയാണ്. അധ്യാപക ദിനത്തിന്റെ സംസ്ഥാന തല ആഘോഷം തൃശൂരിൽ സെപ്റ്റംബർ അഞ്ചിനു നടക്കും. സെപ്റ്റംബർ നാലിന് ഇതുമായി ബന്ധപ്പെട്ട മത്സരങ്ങളും.

സംസ്ഥാന തയ്ക്വാൻഡോ ഒക്ടോബർ 27 മുതൽ 30 വരെ കോട്ടയത്തും വുഷു, സൈക്ലിങ്, ബോക്സിങ് തുടങ്ങിയവ നവംബർ 1, 2 തീയതികളിൽ തിരുവനന്തപുരത്തുമാണ്. കരാട്ടെ നവംബർ 4, 5 തീയതികളിൽ കോഴിക്കോട്ട് നടക്കും. ഷൂട്ടിങ് ചാംപ്യൻഷിപ് നവംബർ 9, 10 തീയതികളിൽ ഇടുക്കിയിലാണ്. യോഗ, റോളർ സ്കേറ്റിങ് നവംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. ഗുസ്തി നവംബർ 15 മുതൽ 18 വരെ മലപ്പുറത്തും സോഫ്റ്റ്ബോൾ, ത്രോബോൾ, വടംവലി എന്നിവ നവംബർ 22 മുതൽ 25 വരെ കൊല്ലത്തും നടക്കും.

ദേശീയ സ്കൂൾ വാട്ടർ പോളോ തൃശൂരിൽ ജനുവരി രണ്ടാം വാരത്തിലാണ്. മേളകളുടെ നടത്തിപ്പിനുള്ള കമ്മിറ്റികൾ അധ്യാപക സംഘടനകൾക്കു വീതിച്ചു നൽകുന്നതു തർക്കത്തിനിടയാക്കി. ഒരിക്കൽ കൂടി യോഗം വിളിച്ച് ഇക്കാര്യം ചർച്ച ചെയ്തു തീരുമാനമെടുക്കും.

യോഗത്തിൽ അധ്യാപക നേതാക്കളായ കെ.സി.ഹരികൃഷ്ണൻ, പി.ഹരിഗോവിന്ദൻ, എൻ.ശ്രീകുമാർ, ജയിംസ് കുര്യൻ, എ.കെ.സൈനുദ്ദീൻ, ഗോപകുമാർ, എസ്.മനോജ്, ടി.മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.

related stories