Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി ഫ്ലൈ ബസ് ഇന്നു മുതൽ നിരത്തിൽ

ksrtc bus

തിരുവനന്തപുരം∙ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഫ്ലൈ ബസ് ഇന്നുമുതൽ നിരത്തിൽ. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ വൈകിട്ട് 4.30നു മന്ത്രി എ.കെ.ശശീന്ദ്രൻ ഫ്ലാഗ്ഓഫ് ചെയ്യും. കെഎസ്ആർടിസിയുടെ എസി ലോ ഫ്‌ളോർ വോൾവോ ബസുകളാണ് ഫ്ലൈ ബസുകളായി ഉപയോഗിക്കുക. 21 സീറ്റുകളുള്ള സ്മാർട്ട് ബസ് വാടകയ്‌ക്കെടുക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സ്വന്തം ബസുകൾ പലതും ഉപയോഗിക്കുന്നില്ലെന്നു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് പുതിയ തീരുമാനം.

വിമാനത്താവളത്തിൽ എത്തുന്ന യാത്രക്കാർക്കു നഗരകേന്ദ്രങ്ങളിലേക്കും തിരിച്ചു വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാം. ലഗേജും അനുവദിക്കും. സമയനിഷ്ഠ, ശുചിത്വം, ജീവനക്കാരുടെ സൗഹാർദപരമായ പെരുമാറ്റം എന്നിവയായിരിക്കും ഫ്ലൈബസിന്റെ സവിശേഷത. ജീവനക്കാർക്കു പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു.

വിമാനത്താവളത്തിൽ പ്രത്യേക പാർക്കിങ് സ്ഥലം അനുവദിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഇറങ്ങുന്നതിന് ഏറ്റവുമടുത്തു ഫ്ലൈ ബസ് ഉണ്ടാകും. ബസുകളെക്കുറിച്ചു വിവരം നൽകുന്ന എൽഇഡി ബോർഡുകൾ സ്ഥാപിക്കും. എസി ബസിന്റെ നിലവിലുള്ള നിരക്കാണ് ഈടാക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ഓരോ 45 മിനിറ്റ് ഇടവിട്ടും നെടുമ്പാശേരിയിൽ 30 മിനിറ്റ് ഇടവിട്ടും ബസുകളുണ്ടാകും. ഫ്ലൈ ബസുകളുടെ മേൽനോട്ടത്തിനായി എക്സിക്യൂട്ടിവ് ഡയറക്ടർ സി.വി.രാജേന്ദ്രനു ചുമതല നൽകി. 

related stories