Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടക്ടറുണ്ട്, ഡ്രൈവറില്ല; ദിവസം ഓടാത്ത വണ്ടികൾ 300

ksrtc bus

പത്തനംതിട്ട ∙ കെഎസ്ആർടിസിയിൽ കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും എണ്ണം തുല്യമാണെങ്കിലും കണ്ടക്ടർമാരെത്തിയാലും ഡ്രൈവറില്ലാത്തതിനാൽ ദിവസം ഓടാതെ കിടക്കുന്നത് 300 ബസുകൾ. ഇതുമൂലം ദിവസം 36 ലക്ഷത്തോളം രൂപയാണ് നഷ്ടമെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ആയിരം ഡ്രൈവർമാരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഉത്തരവ് കെഎസ്ആർടിസി പുറത്തിറക്കി. നിലവിൽ കാലാവധി അവസാനിച്ച് പിഎസ് സി റാങ്ക് ലിസ്റ്റിൽനിന്നുള്ളവരെയാണു നിയമിക്കുന്നത്. കണ്ടക്ടർമാരുടെ ക്ഷാമമില്ലാത്തതിനാൽ കണ്ടക്ടർ നിയമനം നടത്തുന്നില്ല. ദേശീയ ശരാശരിയെക്കാൾ കൂടുതലാണ് കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ കോർപറേഷനുകളിലെ ബസ് ജീവനക്കാരുടെ അനുപാതം 5.5 വരെയാണെങ്കിൽ കെഎസ്ആർടിസിക്ക് അത് 8.7 ആണ്.

നിലവിൽ 14,000 സ്ഥിരം ഡ്രൈവർമാരും 2000 എംപാനൽ ഡ്രൈവർമാരുമാണ് െകഎസ്ആർടിസിയിലുള്ളത്. 11,900 സ്ഥിരം കണ്ടക്ടർമാരും നാലായിരം എംപാനൽ കണ്ടക്ടർമാരുമുണ്ട്. ടോമിൻ തച്ചങ്കരി എംഡിയായി വന്ന ശേഷം മറ്റു ജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന ആയിരത്തോളം ഡ്രൈവർമാരെ തിരികെ ഡിപ്പോകളിലേക്കു ബസ് ഓടിക്കാൻ നിയോഗിച്ചിരുന്നു. ഇവരിൽ പലരും അവധിയെടുക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. മേയ് മാസം 660 ഡ്രൈവർമാർ വിരമിച്ചു. എംപാനലുകാരിൽ ചിലർ മറ്റു ജോലികളിലും വ്യാപൃതരാണ്. ലോ ഫ്ലോർ എസി ബസുകൾ ഉൾപ്പെടെ 6400 ബസുകളാണു സർവീസിനുള്ളത്. ഇതിൽ സർവീസിനയയ്ക്കാൻ കഴിയുന്നത് 5200നും 5300നും ഇടയിൽ ബസാണ്. ഒരു ബസ് സർവീസിനയച്ചാൽ 12,000 രൂപയുടെ വരുമാനമെന്നാണു കണക്ക്. മുന്നൂറ് ബസുകൾ വെറുതെ കിടക്കുന്നതോടെ ദിവസം 36 ലക്ഷത്തോളമാണ് നഷ്ടം. എംപാനൽ ഡ്രൈവർക്ക് 530 രൂപയും കണ്ടക്ടർക്ക് 480 രൂപയുമാണ് ദിവസം ശമ്പളം. ആറിന് മുൻപ് അപേക്ഷകൾ സ്വീകരിച്ച് നിയമന നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.

ജീവനക്കാരില്ലാത്തതിനാൽ ഓടാനാകാത്ത ബസുകൾ

മുടങ്ങിയ സർവീസുകൾ (മാസം), ദിവസം (ശരാശരി)

∙ 2018 മാർച്ച് –           8041      268 

∙ 2018 ഫെബ്രുവരി     6275      209 

∙ 2018 ജനുവരി          8768      292 

∙ 2017 ഡിസംബർ       5696      189 

∙ 2017 നവംബര്‍          5372      179 

∙ 2017 ഒക്ടോബർ      9347      311 

∙ 2017 സെപ്റ്റംബർ    10830     361 

∙ 2017 ഓഗസ്റ്റ്          9199      306 

∙ 2017 ജൂലൈ          10940      364 

∙ 2017 ജൂൺ             11745     391 

∙ 2017 മേയ്              10533     351 

∙ 2017 ഏപ്രിൽ          11548    385

related stories