Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: പരിഹരിക്കപ്പെടാതെ വിനോദ – പരസ്യ നികുതി നഷ്ടം

Goods and Services Tax - GST

കൊച്ചി ∙ ചരക്കു സേവന നികുതി (ജിഎസ്ടി) വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിടുന്ന വിനോദ-പരസ്യ നികുതി നഷ്ടം നികത്താമെന്ന സംസ്ഥാന സർക്കാർ വാഗ്ദാനം ജിഎസ്ടിയുടെ ഒന്നാം വാർഷികം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടില്ല. സ്ഥിരമായി ലഭിച്ചിരുന്ന ഈ തനതു വരുമാനം ഇല്ലാതായോടെ കരാറുകാർക്കുള്ള തുക നൽകാൻ പോലുമാകാതെ പ്രതിസന്ധിയിലാണു പല നഗരസഭകളും പഞ്ചായത്തുകളും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി നഷ്ടം നികത്താനായി സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയെങ്കിലും ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ജിഎസ്ടി വന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു വിനോദ നികുതിയും പരസ്യ നികുതിയും നഷ്ടമായത്.

വിനോദ നികുതിയിൽ പ്രധാനം തിയറ്ററുകളിൽ നിന്നുള്ള വരുമാനമായിരുന്നു. നഗരങ്ങളിൽ പരസ്യ നികുതിയും മികച്ച വരുമാനമായിരുന്നു. ഈ സാഹചര്യത്തിലാണ് നഷ്ടം സംസ്ഥാന സർക്കാർ നികത്തുമെന്നു വ്യക്തമാക്കിയത്. എന്നാൽ, ഈ നഷ്ടം എത്രത്തോളം നികത്തുമെന്നതും അതിന്റെ മാനദണ്ഡമെന്തെന്നതും വ്യക്തമല്ല. വർഷം മുഴുവൻ ലഭിച്ചുകൊണ്ടിരുന്ന വരുമാനം വൈകിയാണെങ്കിലും ഒരുമിച്ചു കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. എന്നാൽ, പുതിയ സാമ്പത്തിക വർഷം മൂന്നു മാസം പിന്നിട്ടിട്ടും കഴിഞ്ഞ വർഷത്തെ വരുമാന നഷ്ടം പോലും നികത്തിയിട്ടില്ല. ഈ ഇനത്തിൽ കാര്യമായ വരുമാനമുണ്ടായിരുന്ന കൊച്ചി കോർപറേഷനു മാത്രം 17 കോടി രൂപയാണു വാർഷിക നഷ്ടം.

കോളടിച്ചതു തിയറ്റുകൾക്കും ഷോകൾ നടത്തുന്നവർക്കും പരസ്യക്കാർക്കുമാണ്. മുൻപു സിനിമകളുടെയും മറ്റു പ്രദർശനങ്ങളുടെയുമെല്ലാം ടിക്കറ്റുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായിരുന്നു സീൽ ചെയ്തു നൽകിയിരുന്നത്. ഇവയുടെ നിരക്ക് നിശ്ചയിക്കുന്ന കാര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിയന്ത്രണ അധികാരവുമുണ്ടായിരുന്നു. പരസ്യങ്ങൾ സ്ഥാപിക്കുന്ന കാര്യത്തിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു ഇടപെടാമായിരുന്നു. എന്നാൽ, വിനോദ നികുതിയുടെ അന്ത്യം കുറിച്ച് ജിഎസ്ടി വന്നതോടെ ഈ നിയന്ത്രണങ്ങളെല്ലാം നഷ്ടമായി. മേൽനോട്ടവും നിയന്ത്രണങ്ങളുമില്ലാതായതോടെ പല തിയറ്ററുകളും സ്വന്തം നിലയ്ക്കു ടിക്കറ്റ് നിരക്കു കുത്തനെ കൂട്ടി. കേന്ദ്രീകൃത ഇലക്ട്രോണിക് ടിക്കറ്റ് സമ്പ്രദായം ഇനിയും നടപ്പാക്കാത്തതിനാൽ ഇതിൽ നിന്നുള്ള നികുതി പങ്ക് കൃത്യമായി സർക്കാരിലേക്ക് എത്തുന്നുണ്ടോയെന്ന കാര്യത്തിലും ഉറപ്പില്ല.