Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാതിക്ക് ഡീസലടിക്കണം, പിന്നെങ്ങനെ ചെലവു നടക്കും

representational-image

കണ്ണൂർ ∙ വരുമാനത്തിന്റെ പകുതിയും ബസുകൾക്ക് ഇന്ധനം നിറയ്ക്കാൻ ചെലവാകുന്നതിനാൽ കെഎസ്ആർടിസിയിൽ ദൈനംദിനച്ചെലവുകൾക്കു പോലും പണം തികയുന്നില്ലെന്ന് എംഡിയുടെ സർക്കുലർ. ഡീസൽ ഉപഭോഗത്തിൽ 10 ശതമാനം കുറവുവരുത്താൻ യൂണിറ്റ് മേധാവികൾക്കു കർശന നിർദേശവുമുണ്ട്. ഡീസൽ ഉപഭോഗം കുറയ്ക്കാനായി സർവീസുകൾ പുനഃക്രമീകരിക്കാനാണു നിർദേശം. ഇതോടെ പല ഡിപ്പോകളിലും ലാഭകരമല്ലാത്ത സർവീസുകൾ നിർത്തിത്തുടങ്ങി.

കെഎസ്ആർടിസിയുടെ ശരാശരി പ്രതിദിന വരുമാനം 6.2 കോടി രൂപയാണ്. ഇതിൽ 3.1 കോടിയും ഡീസൽ നിറയ്ക്കാൻ ചെലവാകുന്നുണ്ടെന്നാണ് വിശദീകരണം. എംഡി ടോമിൻ തച്ചങ്കരിയുടെ കണക്ക് ഇങ്ങനെ: കെഎസ്ആർടിസി പ്രതിദിനം നടത്തുന്നത് 5320 സർവീസുകൾ, ഓടുന്നത് 17,94,000 കിലോമീറ്റർ, ലീറ്ററിന് ശരാശരി നാലു കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ബസുകളിലേക്ക് പ്രതിദിനം ആവശ്യമുള്ളത് 4,40,000 ലീറ്റർ ഡീസൽ, ജൂലൈ ഒന്നിലെ വില അനുസരിച്ച് ഒരു ദിവസം ഡീസലിന് ചെലവാകുന്നത് 3.1 കോടി. ജീവനക്കാരുടെ ശമ്പളവും പെൻഷനും ബസുകളുടെ അറ്റകുറ്റപ്പണിയും ഡിപ്പോകളുടെ നടത്തിപ്പുമുൾപ്പെടെ ബാക്കിയുള്ള ചെലവുകളെല്ലാം പാതി വരുമാനം കൊണ്ട് നടത്തണം. ഈ പ്രതിസന്ധി മറികടക്കാനാണ് ഡീസൽ ഉപഭോഗം കുറയ്ക്കാൻ ഡിപ്പോ മേധാവികൾക്കു നിർദേശം നൽകിയത്. ഇന്ധനച്ചെലവിന് ആനുപാതികമായി വരുമാനമില്ലാത്ത സർവീസുകൾ നിർത്തലാക്കുകയാണു ലക്ഷ്യം.

ഉത്തരവിറങ്ങിയതിനു പിന്നാലെ പല ഡിപ്പോകളിലും ലാഭകരമല്ലാത്ത സർവീസുകൾ നിർത്തിത്തുടങ്ങി. സാധാരണ ബസുകളെക്കാൾ മൈലേജ് കുറവുള്ള ലോ ഫ്ലോർ ബസുകളും സർവീസ് നിർത്തിയവയുടെ കൂട്ടത്തിലുണ്ട്.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.