Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജപ്രചാരണം തടയാൻ വാട്സാപ്

Whatsapp

ന്യൂഡൽഹി ∙ കുപ്രചാരണങ്ങൾ ആൾക്കൂട്ട കൊലപാതകങ്ങളടക്കമുള്ള കുറ്റകൃത്യങ്ങളിലേക്കു നയിക്കുന്നത് തടയാൻ വാട്സാപ് വഴി തേടുന്നു. ഇന്ത്യയിൽ വ്യാജവാർത്തകൾ തടയാനുള്ള വൻ പ്രചാരണ പരിപാടികളടക്കമുള്ള കാര്യങ്ങളാണ് ആലോചനയിൽ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്സാപ്പിലൂടെ പ്രചരിച്ച അഭ്യൂഹങ്ങൾ ആക്രമണങ്ങൾക്കു കാരണമായ പശ്ചാത്തലത്തിൽ കർശനനടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. ആക്രമണങ്ങളുടെ ഉത്തരവാദിത്തത്തിൽനിന്നു വാട്സാപ്പിന് ഒഴിഞ്ഞുമാറാനാകില്ലെന്നും സർക്കാർ പറഞ്ഞിരുന്നു. സമീപകാല സംഭവങ്ങളിൽ നടുക്കമുണ്ടെന്നും സർക്കാരും പൊതുസമൂഹവും സാങ്കേതികസ്ഥാപനങ്ങളും ഒറ്റക്കെട്ടായി വ്യാജവാർത്തകൾക്കും പ്രചാരണങ്ങൾക്കുമെതിരെ പ്രവർത്തിക്കണമെന്നും കേന്ദ്ര ഐടി മന്ത്രാലയത്തിനു നൽകിയ മറുപടിയിൽ വാട്സാപ് അധികൃതർ പറഞ്ഞു.

അന്വേഷണ ഏജൻസികളുമായുള്ള സഹകരണം, ഡിജിറ്റൽ സാക്ഷരതാപ്രചാരണം, വസ്തുതാ പരിശോധന തുടങ്ങി സ്വീകരിക്കാനൊരുങ്ങുന്ന ഒട്ടേറെ നടപടികളെക്കുറിച്ച് വാട്സാപ് മന്ത്രാലയത്തിനു നൽകിയ കത്തിൽ പറയുന്നുണ്ട്. മഹാരാഷ്ട്രയിൽ കഴിഞ്ഞയാഴ്ച വ്യാജവാട്സാപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ അഞ്ചു പേരെയാണ് ആൾക്കൂട്ടം അടിച്ചു കൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം എത്തിയിട്ടുണ്ടെന്ന സന്ദേശമാണ് ആളുകളെ സംഘടിപ്പിച്ചത്.