Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിടാതെ സിപിഎം; ആർഎസ്പിയെ ഏറ്റെടുക്കാൻ തയാറെന്നു കോടിയേരി

Kodiyeri Balakrishnan കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം∙ എൽഡിഎഫിലേക്കുള്ള ക്ഷണം ആർഎസ്പി തള്ളിയെങ്കിലും സിപിഎം പിന്നോട്ടില്ല. പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആർഎസ്പിയെ ഇടതുമുന്നണിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പു വേളയിൽ എൽഡിഎഫ് വിട്ടശേഷം ഈ നിലയ്ക്കുള്ള തുറന്ന സമീപനം ആർഎസ്പിയുടെ കാര്യത്തിൽ സിപിഎം സ്വീകരിക്കുന്നത് ആദ്യമാണ്. യുഡിഎഫ് വിട്ടുവന്നാൽ ആർഎസ്പിയെ ഉൾക്കൊള്ളാൻ എൽഡിഎഫ് തയാറാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലത്തെ തുടർന്നു കോൺഗ്രസ് മുന്നണി വിടണമെന്ന അഭിപ്രായം ആർഎസ്പിയിൽ ശക്തമാണ്. ഇടത് ഐക്യത്തിന്റെ കൊടി ഉയർത്തണമെന്നു പരസ്യമായി പറയാൻ ചില നേതാക്കൾ തയാറായിട്ടുണ്ട്. ഇവരുടെ ശബ്ദം കേൾക്കാനും യുഡിഎഫ് വിട്ടു പുറത്തുവരാനും തയാറായില്ലെങ്കിൽ ആ പാർട്ടി വലിയ തകർച്ച നേരിടും– കോടിയേരി അഭിപ്രായപ്പെട്ടു.

ഇടതുമുന്നണി വിട്ടവരെയെല്ലാം തിരിച്ചുകൊണ്ടുവരണമെന്നു ദേശീയതലത്തിൽ സിപിഎം തീരുമാനിച്ചതിനെത്തുടർന്നാണ് ആർഎസ്പിക്കുള്ള ക്ഷണം. നേരത്തെ ജനതാദളിനെ തിരിച്ചുകൊണ്ടുവരാൻ തയാറായപ്പോൾ ആർഎസ്പിയുടെ കാര്യത്തിൽ ഇങ്ങനെ നിലപാടെടുത്തിരുന്നില്ല. പാർട്ടി സ്വരം മാറ്റിയെങ്കിലും അങ്ങോട്ടില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മതേതരമുന്നണിയുടെ പ്രസ്ക്തി വർധിച്ച സാഹചര്യത്തിൽ മറ്റൊരു തീരുമാനത്തിനു പ്രസക്തിയില്ലെന്നാണ് അസീസ് പറഞ്ഞത്.

സിപിഎമ്മിന്റെ പുതിയ നീക്കത്തിന് ഇരുതലമൂർച്ചയുണ്ടെന്നാണ് ആർഎസ്പി വിലയിരുത്തുന്നത്. പാർട്ടിക്കകത്തു തന്നെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ഒരു ലക്ഷ്യം. യുഡിഎഫ് നേതൃത്വത്തിന് ആർഎസ്പിയിൽ അവിശ്വാസമുണ്ടാക്കുകയാണു രണ്ടാമത്തേത്. ലോക്സഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർഎസ്പിയുടെ കൊല്ലം സിറ്റിങ് സീറ്റിൽ കാര്യങ്ങൾ ഭദ്രമല്ലെന്നു വരുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്ന ചിന്തയും ആർഎസ്പിയിലുണ്ട്.

തിരികെ വിളിച്ച ദളിന്റെ കാര്യം എന്തായി?

യുഡിഎഫിൽ നിന്നു തിരികെ വിളിച്ചുകൊണ്ടുപോയ ജനതാദൾ(യു) എൽഡിഎഫിന്റെ പടിക്കു പുറത്തു നിൽക്കുകയാണല്ലോയെന്ന് ആർഎസ്പിയുടെ എംപി എൻ‍.കെ.പ്രേമചന്ദ്രൻ. യുഡിഎഫ് വിടാനുള്ള ഒരു സാഹചര്യവും ആർഎസ്പിയുടെ മുന്നിലില്ല. കോടിയേരിയുടെ ആഗ്രഹം നടക്കാനും പോകുന്നില്ല–: പ്രേമചന്ദ്രൻ പറഞ്ഞു.

ആർഎസ്പി യുഡിഎഫിൽ ഉറച്ചുനിൽക്കും: ഉമ്മൻ ചാണ്ടി

മലപ്പുറം ∙ ആർഎസ്പി യുഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ആത്മവിശ്വാസം നഷ്ടപ്പെട്ട എൽഡിഎഫ് പുതിയ ഘടകകക്ഷികൾക്കുവേണ്ടി അലയുകയാണ്. സിപിഎം കെ.എം.മാണിക്കു പിറകെ നടന്നത് വെറുതെയായെന്നും അദ്ദേഹം പറഞ്ഞു. ഡിസിസിയുടെ കെ.കരുണാകരൻ ജന്മശതാബ്ദി ആചരണത്തിൽ പങ്കെടുക്കവെ, സിപിഎം ആർഎസ്പിയെ മുന്നണിയിലേക്കു ക്ഷണിച്ചതായുള്ള വാർത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.