Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടി നിയമലംഘനം: കെ.എം. മാണി

K.M. Mani

തിരുവനന്തപുരം∙ പ്രവാസി ചിട്ടി തുകയും കെഎസ്എഫ്ഇ നൽകേണ്ട സെക്യൂരിറ്റി തുകയും കിഫ്ബിയിൽ നിക്ഷേപിക്കുന്നതു ചിട്ടി നിയമത്തിന് എതിരാണെന്നു മുൻ ധനമന്ത്രി കെ.എം.മാണി. ചിട്ടി നിയമത്തിൽ പറയുന്ന അംഗീകൃത ബാങ്കുകളിലേ ചിട്ടി തുകയും സെക്യൂരിറ്റി തുകയും നിക്ഷേപിക്കാവൂ എന്നാണു വ്യവസ്ഥ. ബാങ്ക് അല്ലാത്ത കിഫ്ബിക്കു സെക്യൂരിറ്റി തുക നൽകുന്നതും അതു മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

ഇന്ത്യ മുഴുവൻ പ്രാബല്യമുള്ള ചിട്ടി നിയമത്തിന്റെ നിയന്ത്രണം റിസർവ് ബാങ്കിനാണ്. റിസർവ് ബാങ്ക് ലൈസൻസ് എടുത്ത അംഗീകൃത ബാങ്ക് അല്ല കിഫ്ബി– മാണി പറഞ്ഞു. ചിട്ടി കാലാവധി പൂർത്തിയാക്കി അംഗങ്ങൾക്കു തുകയെല്ലാം നൽകിയെന്ന് ഉറപ്പാക്കി കണക്ക് ഓഡിറ്റ് ചെയ്തു ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷമേ കെഎസ്എഫ്ഇക്കു സെക്യൂരിറ്റി തുക തിരിച്ചുനൽകാവൂ എന്നാണു നിയമം. കേന്ദ്ര നിയമത്തിന്റെ 20–ാം വകുപ്പിൽ ഭേദഗതി വരുത്താതെയോ റിസർവ് ബാങ്കിന്റെ ഇളവു തേടാതെയോ ചിട്ടി തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതു കേന്ദ്ര നിയമത്തിനു വിരുദ്ധമാണ്.

കേന്ദ്ര ചിട്ടി നിയമത്തിന്റെ 12–ാം വകുപ്പു പ്രകാരം ചിട്ടി നടത്തുന്ന കമ്പനികൾ മറ്റു ബിസിനസ് നടത്താൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കെഎസ്എഫ്ഇക്ക് ഈ വകുപ്പിൽ ഇളവിനു വേണ്ടി കേരള സർക്കാർ സമീപിച്ചപ്പോൾ അതു അനുവദിക്കില്ലെന്നു റിസർവ് ബാങ്ക് അറിയിച്ചതാണ്. കെഎസ്എഫ്ഇയുടെയും കിഫ്ബിയുടെയും വെബ്സൈറ്റിൽ കെഎസ്എഫ്ഇ അംഗീകൃത മിസലേനിയസ് ബാങ്ക് എന്നാണ് പറയുന്നത്. ഇതു തെറ്റാണ്. പ്രവാസി ചിട്ടി നടത്താൻ കെഎസ്എഫ്ഇക്കു ചിട്ടി നിയമത്തിന്റെ നാലാം വകുപ്പ് അനുസരിച്ചു സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ല.

എന്നാൽ ഓൺലൈനായി റജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്കു കഴിഞ്ഞ 18നു നോട്ടിസ് നൽകി. ഇതിൽ ചിട്ടി നടത്താൻ സർക്കാർ മുൻകൂർ അനുമതി നൽകിയെന്ന വിവരമോ അതിന്റെ ഉത്തരവിന്റെ വിവരമോ പറയുന്നില്ല. ഇതു ചിട്ടി നിയമത്തിന്റെ നാല്, അഞ്ച് വകുപ്പുകൾ പ്രകാരം ശിക്ഷാർഹമാണ്. പ്രവാസി ചിട്ടി നടത്താൻ മുൻകൂർ അനുമതിയില്ലാതെ പ്രചാരണത്തിനും പരസ്യത്തിനും വിദേശയാത്രയ്ക്കുമായി 59.71 ലക്ഷം രൂപ കിഫ്ബിയിൽ നിന്നു ചെലവിട്ടെന്നാണു ധനമന്ത്രി നിയമസഭയിൽ അറിയിച്ചത്. അത് അധികാര ദുർവിനിയോഗവും നിയമലംഘനവുമാണ്.

ഒരു ആദായവും ലഭിക്കാത്ത പദ്ധതികൾക്കു പ്രവാസി ചിട്ടി തുക ഉപയോഗിച്ചാൽ അതു തിരികെ ലഭിക്കാൻ വരുന്ന കാലതാമസം ചിന്തിക്കാവുന്നതേയുള്ളൂ. ചിട്ടി നിയമ പ്രകാരം ഈ തുക കൈകാര്യം ചെയ്യാൻ കെഎസ്എഫ്ഇക്കു മാത്രമാണ് അധികാരം. അതു കിഫ്ബിക്കു നൽകണമെങ്കിൽ നിയമഭേദഗതിയോ ആർബിഐ അനുമതിയോ വേണം. കിഫ്ബി വഴി ചിട്ടി തുകയും സെക്യൂരിറ്റിയും സ്വീകരിക്കുന്നതു ഫെമ നിയമത്തിനും എതിരാണ്. ഇതും ലംഘിച്ചാൽ ആകെ തുകയുടെ മൂന്നിരട്ടി പിഴയായി ഈടാക്കും.

കെഎസ്എഫ്ഇ സൂക്ഷിക്കേണ്ട റജിസ്റ്ററുകൾ കിഫ്ബിയിൽ സൂക്ഷിച്ചാൽ കെഎസ്എഫ്ഇ ഉദ്യോഗസ്ഥർ കുറ്റക്കാരാകും. കേരളം സ്വതന്ത്ര രാഷ്ട്രമാണെന്നും കേന്ദ്ര നിയമം തനിക്കു ബാധകമല്ലെന്ന മനോഗതി അനുസരിച്ചാണ് ധനമന്ത്രി പ്രവർത്തിക്കുന്നത്. ചിട്ടി നിയമം ഭരണഘടനയിലെ സമവർത്തി പട്ടികയിലായതിനാൽ അതിലേക്കുള്ള മാറ്റം നിയമസഭയ്ക്കു വരുത്താവുന്നതാണെന്നു മാണി നിർദേശിച്ചു. ബില്ല് അവതരിപ്പിച്ചു സഭയിൽ പാസാക്കാം.

അല്ലെങ്കിൽ ആർബിഐയുമായി ആലോചിച്ച് ആവശ്യമായ ഇളവുകൾ സംബന്ധിച്ചു വിജ്ഞാപനം പുറപ്പെടുവിക്കാം. ഇതു രണ്ടും ചെയ്യാതെ കെഎസ്എഫ്ഇയുടെ പേരിൽ കിഫ്ബി വഴി നടത്താൻ പോകുന്ന പ്രവാസി ചിട്ടി നിയമലംഘനമാകും.

1999ൽ സർക്കാർ ജീവനക്കാർക്കു ശമ്പളം കൊടുക്കാൻ കഴിയാതെ വന്നപ്പോൾ ഓർഡിനൻസ് വഴി കിഫ്ബി എന്ന സ്ഥാപനം കൊണ്ടു വന്നു 500 രൂപയുടെ കടപ്പത്രം ഇറക്കി ബുദ്ധിമുട്ട് ഒഴിവാക്കി. അതു നിയമവിരുദ്ധമെന്നു റിസർവ് ബാങ്ക് അറിയിച്ചപ്പോൾ സർക്കാരിനു തുക തിരിച്ചുനൽകേണ്ടി വന്നു. അതിനു ശേഷം 18 വർഷം കഴിഞ്ഞാണു കിഫ്ബി ഇപ്പോൾ ഉയർത്തെഴുന്നേൽക്കുന്നതെന്നു കെ.എം.മാണി പറഞ്ഞു. ‍