Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് അമ്മയിലില്ല; തിരിച്ചെടുക്കാൻ നിർദേശം വന്നപ്പോൾ ആരും എതിർത്തില്ല: മോഹൻലാൽ

Mohanlal | AMMA Press Meet

കൊച്ചി∙ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്കില്ലെന്നു നടൻ ദിലീപ് തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അദ്ദേഹം സംഘടനയ്ക്കു പുറത്താണെന്നു പ്രസിഡന്റ് മോഹൻലാൽ. ‘‘വരുന്നില്ലെങ്കിൽ വേണ്ട എന്നു തന്നെയാണു സംഘടനയുടെയും നിലപാട്. നടിയെ ആക്രമിച്ച കേസിൽ വിധി വന്ന ശേഷമേ ഇനി ഇക്കാര്യത്തിൽ പുനരാലോചയുള്ളൂ. തെറ്റുകാരനല്ലെങ്കിൽ തിരികെ സ്വീകരിക്കാൻ തയാറാണ്. ആക്രമണത്തിനിരയായ നടിക്കൊപ്പംതന്നെയാണു ഞാൻ. അതോടൊപ്പം ദിലീപിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്നു’’– മോഹൻലാൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

ദിലീപിനെ തിരിച്ചെടുത്ത നടപടിയിൽ അമ്മയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് മോഹൻലാൽ വിദേശ പര്യടനം കഴിഞ്ഞു മടങ്ങിയെത്തിയതിനു പിന്നാലെ നിലപാടുകൾ വ്യക്തമാക്കിയത്. അമ്മ ജനറൽ ബോഡി യോഗത്തിൽ മാധ്യമങ്ങളെ ഒഴിവാക്കിയതു സംഘടന എടുത്ത തീരുമാനമായിരുന്നെന്നും അതു തെറ്റായിപ്പോയെന്നും വ്യക്തമാക്കിയ മോഹൻലാൽ അതിനു വ്യക്തിപരമായി ക്ഷമയും പറഞ്ഞു.

മോഹൻലാൽ പറഞ്ഞത്:

∙ ദിലീപ് അറസ്റ്റിലായതിന്റെ സത്യാവസ്ഥ ഇനിയും വ്യക്തമാകേണ്ടതുണ്ട്. അറസ്റ്റിനെത്തുടർന്നു നിർവാഹക സമിതിയിലെ ലഭ്യമായ അംഗങ്ങൾ യോഗം ചേർന്നപ്പോൾ പുറത്താക്കണം, സസ്പെൻഡ് ചെയ്യണം എന്നിങ്ങനെ പല അഭിപ്രായങ്ങളുണ്ടായി. പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഫെഫ്കയും അടക്കം ദിലീപിനെ മാറ്റിനിർത്തിയപ്പോൾ അങ്ങനെയൊരു തീരുമാനം എടുക്കാൻ ഞങ്ങളും നിർബന്ധിതരായി. എന്നാൽ, പിന്നീടാണ് സംഘടനാ നിയമപ്രകാരം അങ്ങനെ കഴിയില്ല എന്നു ബോധ്യമായത്. അതോടെ തീരുമാനം മരവിപ്പിക്കുകയായിരുന്നു.

∙ ജനറൽ ബോഡി യോഗത്തിൽ ദിലീപ് വിഷയം അജൻഡയിലുണ്ടായിരുന്നു. ആ വിഷയം യോഗത്തിനൊടുവിൽ ചർച്ച ചെയ്യാനിരുന്നതാണ്. എന്നാൽ, അതിനു മുൻപേ ഊർമിള ഉണ്ണി വിഷയം ഉന്നയിക്കുകയായിരുന്നു. ഇതൊന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല. ദിലീപിനെ തിരിച്ചെടുക്കേണ്ടെന്ന് ആരും പറഞ്ഞില്ല. ഈ തീരുമാനം തെറ്റായിപ്പോയെന്നു പിന്നീടു പറഞ്ഞവരാരും യോഗത്തിൽ അതു പറഞ്ഞില്ല. സ്ത്രീകൾക്കു സംസാരിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്ന ആരോപണം ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ സംഘടനയിലാണ് ആദ്യം പറയേണ്ടത്.

∙ അമ്മയിൽ പുരുഷാധിപത്യവും താരാധിപത്യവുമില്ല. തിരഞ്ഞെടുപ്പിൽ ആർക്കു വേണമെങ്കിലും മൽസരിക്കാമായിരുന്നു. ഭാരവാഹിയാവാൻ വിളിച്ചാലും സ്ത്രീകൾ തയാറാവില്ല എന്നതാണു വസ്തുത. തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽനിന്നു വിലക്കി എന്ന പാർവതിയുടെ ആരോപണം വിശ്വസിക്കാനാവില്ല. ആരാണു വിലക്കിയതെന്നു പറഞ്ഞില്ലല്ലോ. അവർക്ക് ഇനിയും വരാം. തസ്തികയുണ്ടെങ്കിൽ വിളിക്കാനൊരുക്കമാണ്.

∙ നാലു നടിമാർ രാജിവച്ചെന്നു പ്രഖ്യാപിച്ചെങ്കിലും ഭാവനയുടെയും രമ്യ നമ്പീശന്റെയും രാജിക്കത്തു മാത്രമേ ഇതുവരെ ലഭിച്ചിട്ടുള്ളൂ. രാജി പിൻവലിച്ച് തിരിച്ചു വരികയാണെങ്കിൽ സ്വീകരിക്കുമോ എന്ന കാര്യം ജനറൽ ബോഡിയാണ് തീരുമാനിക്കേണ്ടത്. ഇഷ്ടമുള്ളപ്പോൾ രാജിവയ്ക്കുക, തിരിച്ചുവരുക എന്നുള്ളതല്ല രാജിവയ്ക്കാനുണ്ടായ സാഹചര്യം അവർ പറയണം. അതിനു ഞങ്ങൾക്കു മറുപടിയുണ്ടാവും. അതിനുശേഷം അവർ മടങ്ങിവരാൻ താൽപര്യം പ്രകടിപ്പിച്ചാൽ അക്കാര്യം ജനറൽ ബോഡിയിൽ ചർച്ചചെയ്ത ശേഷമേ അഭിപ്രായം വ്യക്തമാക്കാനാവൂ.

∙ ഡബ്ല്യുസിസി മൂന്നു നാലു കാര്യങ്ങൾ ഉന്നയിച്ചാണു കത്തു തന്നിരിക്കുന്നത്. ഇനിയും കൂടുതലെന്തെങ്കിലും ഉണ്ടെങ്കിൽ അതുകൂടി അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. സ്ത്രീകളുമായി ബന്ധപ്പെട്ട കാര്യമായതിനാൽ വനിത അംഗങ്ങളുടെയെല്ലാം അഭിപ്രായം തേടേണ്ടതുണ്ട്. അതിനുശേഷം അവരുമായി ചർച്ച ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഉണ്ടാവും.

∙ ദിലീപ് തന്റെ സിനിമാ അവസരങ്ങൾ നഷ്ടപ്പെടുത്തിയെന്ന രീതിയിൽ ആക്രമിക്കപ്പെട്ട നടി പരാതി തന്നിട്ടില്ല. ആരോടെങ്കിലും ഫോണിൽ പരാതി പറഞ്ഞിട്ടുണ്ടോ എന്ന കാര്യം എനിക്കറിയില്ല. സംഭവത്തിനു ശേഷം അവർക്ക് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. മാറ്റി നിർത്തിയിട്ടില്ല. നിയമപരമായ കാര്യങ്ങളിൽ സഹായിക്കാനാവില്ല. അല്ലാതെ എല്ലാവിധ സഹായങ്ങളും എപ്പോൾ വേണമെങ്കിലും ചെയ്തുകൊടുക്കാൻ തയാറാണ്.

∙ തിലകനെ പുറത്താക്കിയതു വളരെ സങ്കീർണമായ സാഹചര്യത്തിലായിരുന്നു. സംവിധായകർ ഉൾപ്പെടെ അദ്ദേഹത്തെ മാറ്റി നിർത്തിയിരിക്കുകയായിരുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത ഒരു സാഹചര്യമായിപ്പോയി. സംഘടനയ്ക്കകത്തായിരുന്നു അഭിപ്രായങ്ങൾ പറയേണ്ടത്. അദ്ദേഹവുമായി ഏറ്റവും അടുത്ത സൗഹൃദമുണ്ടായിരുന്ന ആളാണ് ഞാൻ. വിലക്കു സമയത്തുപോലും ഞങ്ങളുടെ സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് എഴുത്തു തന്നത് ഞാൻ തസ്തികകളിൽ ഇല്ലാത്ത സമയത്താണ്.

∙ അമ്മ ഷോയിൽ അവതരിപ്പിച്ച വിവാദ സ്കിറ്റ് ഡബ്ല്യുസിസിയെ അവഹേളിക്കാൻ മനഃപൂർവം ചെയ്തതല്ല. അമ്മയിലെ സ്ത്രീകൾ തന്നെയാണ് ആ സ്കിറ്റ് ഒരുക്കിയത്. പുരുഷ മേധാവിത്വമൊക്കെ പറയുന്ന, ഒടുവിൽ അവരെ കളിയാക്കുന്ന ഒരാളെ അവർതന്നെ ഓടിച്ചിട്ടു തല്ലുന്ന ബ്ലാക്ക് ഹ്യൂമറായിരുന്നു അത്. അവർക്ക് അതൊരു അവഹേളനമായി തോന്നേണ്ട കാര്യമില്ല.

∙ 25 വർഷമായ സംഘടയിൽ നിയമാവലിയിലടക്കം പല മാറ്റങ്ങളും വരേണ്ടതുണ്ട്. വനിതകൾക്കു കൂടുതൽ പ്രാതിനിധ്യം വരണം. വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വനിതകൾക്കു നൽകാം. സിനിമയില്ലാത്ത അഭിനേതാക്കൾക്കു വർഷത്തിൽ ഒന്നോ രണ്ടോ സിനിമയെങ്കിലും ലഭിക്കാനും സംവിധാനം വേണം. ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനു പകരം 143 പേർക്ക് 5,000 രൂപ വീതം പ്രതിമാസ കൈനീട്ടം, ഇൻഷുറൻസ്, മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയെല്ലാം ചെയ്യുന്ന ഈ സംഘടന പിരിച്ചു വിടണം എന്ന ആവശ്യം ശരിയല്ല.