Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിസിടിവിയിൽ കണ്ടത് ജെസ്നയോ?: സ്ഥിരീകരിക്കാൻ പൊലീസ് ജനങ്ങളിലേക്ക്

jesna-1 മുണ്ടക്കയത്തു നിന്നുള്ള സിസിടിവി ദൃശ്യത്തിലെ ജെസ്നയുടെ സാദൃശ്യമുള്ള പെൺകുട്ടി.

പത്തനംതിട്ട ∙ മുണ്ടക്കയത്തു നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് വെച്ചൂച്ചിറയിൽ നിന്നു കാണാതായ ജെസ്നയാണെന്ന സംശയം ബലപ്പെട്ടതോടെ കൂടുതൽ സ്ഥിരീകരണത്തിനായി ദൃശ്യങ്ങളുമായി പൊലീസ് പൊതുജനങ്ങളിലേക്ക്. തലയിലൂടെ ഷാൾ ധരിച്ച് ബാഗുമായി നീങ്ങുന്ന പെൺകുട്ടി ജെസ്ന തന്നെയാണെന്ന് സഹപാഠികൾ ഉൾപ്പെടെ ചിലർ ഉറപ്പിച്ചു പറഞ്ഞെങ്കിലും ബന്ധുക്കൾ അത് നിഷേധിച്ചു. മുണ്ടക്കയം വെള്ളനാട് സ്വദേശി അലീഷയാണ് ദൃശ്യങ്ങളിലുള്ളതെന്ന് സംശയമുയർന്നെങ്കിലും അതു ശരിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഇൗ ദൃശ്യത്തിലെ പെൺകുട്ടിയാരെന്ന് കണ്ടുപിടിച്ചാൽ ബാക്കി കാര്യങ്ങൾ എളുപ്പമാകും എന്ന ബോധ്യത്തിലാണ് ദൃശ്യങ്ങൾ പുറത്തുവിടാൻ പൊലീസ് തീരുമാനിച്ചത്.

jesna-2

ജെസ്നയെ കാണാതായ മാർച്ച് 22ന് മുണ്ടക്കയം ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 11.40ന് ഉള്ള ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. അന്നേ ദിവസം രാവിലെ 10.30ന് എരുമേലിയിൽ കണ്ടതായുള്ള സാക്ഷിമൊഴികളായിരുന്നു പൊലീസിന് ആകെയുണ്ടായിരുന്നത്. മുണ്ടക്കയത്തെ ദൃശ്യങ്ങളിൽ ജെസ്നയുടെ സാദൃശ്യമുള്ള പെൺകുട്ടി നടന്നുപോയതിനു ശേഷം ആറു മിനിറ്റ് കഴിഞ്ഞ് ഇൗ സ്ഥലത്തെ ദൃശ്യങ്ങളിൽ ജെസ്നയുടെ ആൺ സുഹൃത്തിനെയും കണ്ടിരുന്നു. ഇൗ വിദ്യാർഥിയെയും സഹപാഠികൾ തിരിച്ചറി‍ഞ്ഞു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതിനും മൊബൈൽ ഫോൺ വിവരങ്ങൾ ആദ്യം മുതലുള്ളത് വീണ്ടും പരിശോധിക്കുന്നതിനും അന്വേഷണ സംഘം തീരുമാനിച്ചു. ദൃശ്യത്തിൽ കാണുന്ന പെൺകുട്ടിയെ തിരിച്ചറിയുന്നവരും സംശയമുള്ളവരും തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ഫോൺ: 9497990035