Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കെതിരെ വീണ്ടും വനിതാ കൂട്ടായ്മ

Mohanlal | WCC

കൊച്ചി ∙ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്കു തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രസിഡന്റ് മോഹൻലാലിന്റെ നിലപാടിൽ വിമർശനവുമായി വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി. മോഹൻലാലിന്റെ വാർത്താസമ്മേളനം പ്രതീക്ഷയ്ക്കു വിപരീതവും നിരാശാജനകവുമായിരുന്നെന്നു ഫെയ്സ്ബുക് പേജിലൂടെ സംഘടനാ ഭാരവാഹികൾ അറിയിച്ചു.

കുറ്റാരോപിതനായ ആളെ സംഘടനയിലേക്കു തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങൾ ഈ വിഷയത്തിൽ സംഘടന എവിടെ, ആരോടൊപ്പം നിൽക്കുന്നു എന്നു വെളിവാക്കുന്നു. സാങ്കേതിക വിഷയങ്ങളാണ് അടിസ്ഥാന പ്രശ്നമെന്നു വരുത്താനുള്ള നിലപാട് ആശങ്കാജനകമാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയും അതിനു കാരണക്കാരനും ഒരേ സംഘടനയിൽ തുടരുന്നതിലെ പ്രശ്നം കണക്കിലെടുക്കാത്തത് ഖേദകരംതന്നെ.

ദിലീപ് കാരണം തനിക്കു സിനിമയിൽ അവസരങ്ങൾ ഇല്ലാതാവുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി അമ്മ ഭാരവാഹിയെ അറിയിച്ചിരുന്നു. അദ്ദേഹം ബന്ധപ്പെട്ടവരുമായി സംസാരിച്ചശേഷം, അതു തോന്നൽ മാത്രമാണെന്നാണ് അറിയിച്ചത്. രേഖാമൂലം പരാതി എഴുതിത്തരാൻ ആവശ്യപ്പെട്ടിട്ടില്ല. ഡബ്ല്യുസിസിയിലെ നാല് അംഗങ്ങൾ അമ്മയിൽനിന്നുള്ള രാജി പരസ്യമായി പ്രഖ്യാപിക്കുകയും രാജിക്കത്ത് അമ്മയുടെ ഔദ്യോഗിക ഇമെയിൽ ഐഡിയിലേക്ക് അയയ്ക്കുകയും ചെയ്തുവെന്ന് സംഘടന വിശദീകരിച്ചു. എങ്കിലും അമ്മയുമായുള്ള ചർച്ചയിൽ പ്രതീക്ഷയുണ്ട്. അടിയന്തര ചർച്ചയ്ക്കുള്ള തീയതി ഉടൻ അറിയിക്കുമെന്നു വിശ്വസിക്കുന്നതായും ഡബ്ല്യുസിസി വ്യക്തമാക്കി.