Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തിരഞ്ഞെടുപ്പ് ഒരുക്കം: ഡിസിസി പ്രസിഡന്റുമാരോട് എഐസിസി റിപ്പോർട്ട് തേടി; പ്രസിഡന്റുമാരെ രാഹുൽ കാണും

Indian National Congress

തിരുവനന്തപുരം∙ കേരളത്തിലെ ഓരോ ജില്ലയിലെയും രാഷ്ട്രീയസ്ഥിതിയെക്കുറിച്ചു ഡിസിസി പ്രസിഡന്റുമാരിൽ നിന്ന് എഐസിസി റിപ്പോർട്ട് തേടി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പിനു മുന്നോടിയായാണു നടപടി. റിപ്പോർട്ട് ലഭിച്ചാലുടൻ ഡിസിസി പ്രസിഡന്റുമാരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഡൽഹിക്കു വിളിപ്പിക്കും. കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട ചർച്ച കൂടി സമാന്തരമായി നടക്കുന്നതിനാൽ ഈ റിപ്പോർട്ടിനും ഡിസിസി പ്രസിഡന്റുമാരുടെ കൂടിക്കാഴ്ചയ്ക്കും പ്രത്യേക പ്രാധാന്യമുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകളെക്കുറിച്ച് അക്കമിട്ടുള്ള വിശദാംശങ്ങളാണു തേടിയിരിക്കുന്നത്. ഡിസിസികളോട് ഇതു കെപിസിസി നേതൃത്വത്തിനു കൈമാറാൻ ആവശ്യപ്പെട്ടു. കെപിസിസി ഇതു സമാഹരിച്ച് എഐസിസിക്കു നൽകും.

ഡിസിസി പ്രസിഡന്റുമാരുടെ രാഷ്ട്രീയപാരമ്പര്യം, ജില്ലയിലെ കഴിഞ്ഞ ലോക്സഭാ–നിയമസഭാ തദ്ദേശസ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ പ്രകടനം, ഡിസിസികളിലെ സംഘടനാസ്ഥിതി, താഴെ വിവിധ കമ്മിറ്റികളുടെ പ്രവർത്തനം, ‍ഭാരവാഹികളെക്കുറിച്ചുള്ള ഡേറ്റാബേസ്, അവർക്കു തിരിച്ചറിയൽ കാർഡ് നൽകിയിട്ടുണ്ടോ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഡിസിസി യോഗം എത്ര തവണ ചേർന്നു, ഡിസിസി പ്രസിഡന്റ് തന്റെ അധികാരം ഉപയോഗിച്ചു ചെയ്ത കാര്യങ്ങൾ, ജില്ലയിലെ കെപിസിസി, എഐസിസി അംഗങ്ങൾ ആരൊക്കെ, ഇവർക്കു നൽകിയിരിക്കുന്ന ഉത്തരവാദിത്തം, ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ എണ്ണവും പ്രവർത്തനവും, കെപിസിസി പ്രസിഡന്റ് ഡിസിസി യോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ, ഡിസിസി സ്വന്തമായ കെട്ടിടത്തിലാണോ, ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ചെയ്ത കാര്യങ്ങളെന്തൊക്കെ തുടങ്ങി ഇനം തിരിച്ചുള്ള വിശദാംശങ്ങളാണ് എഐസിസി ചോദിച്ചിരിക്കുന്നത്.

ഡിസിസികളെ ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കോൺഗ്രസ് കേന്ദ്രങ്ങൾ ഇതിനെ വിശേഷിപ്പിക്കുന്നത്. അതേസമയം ഡിസിസികളിൽ ഇത്രമാത്രം ശ്രദ്ധ പതിപ്പിക്കുന്നത് അവരെ കുലുക്കിയിട്ടുണ്ട്. രണ്ടു വർഷത്തോളം മുമ്പ് എഐസിസി നേരിട്ടാണു കേരളത്തിലെ ഡിസിസികൾ അഴിച്ചുപണിതത്. സംസ്ഥാനത്തെ എ–ഐ ഗ്രൂപ്പുകളുടെ അഭിപ്രായങ്ങൾ പോലും പലയിടത്തും പരിഗണിച്ചില്ല.

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് എം.എം.ഹസൻ തുടരുമോ അതോ പുതിയ നേതാവു വരുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നതു ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനെ ബാധിക്കുന്നുവെന്ന പരാതി മുതി‍ർന്ന നേതാക്കൾക്കുണ്ട്. എല്ലാ വിഭാഗത്തിനും സ്വീകാര്യനായ നേതാവിനെ കണ്ടെത്താൻ കഴിയാത്തതു തീരുമാനം നീണ്ടുപോകുന്നതിനു കാരണമായി ഹൈക്കമാൻഡ് കേന്ദ്രങ്ങൾ കേരള നേതാക്കളോടു വിശദീകരിക്കുന്നു.

സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി ഇക്കാര്യം പല തലത്തിൽ സംസാരിച്ചു. ശേഷിക്കുന്നതു ഡിസിസി പ്രസിഡന്റുമാരുമായുള്ള ആശയവിനിമയം മാത്രമാണെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.