Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോൺഗ്രസും രാമായണ വഴിയിൽ; നാലു വോട്ടിനു വേണ്ടി മതത്തെ ഉപയോഗിക്കരുതെന്ന് കെ. മുരളീധരൻ

K. Muralidharan

തിരുവനന്തപുരം∙ ബിജെപിക്കും സിപിഎമ്മിനും പിന്നാലെ രാമായണ മാസാചരണത്തിനു കോൺഗ്രസും മുന്നോട്ടുവന്നതു പാർട്ടിക്കുള്ളിൽ കലഹത്തിന് ഇടയാക്കി. നാലു വോട്ടുകിട്ടാൻ മതങ്ങളെയോ ദൈവങ്ങളെയോ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ട കെ.മുരളീധരൻ, ബിജെപിയെ നേരിടാൻ ഇതല്ല മാർഗമെന്നും പറഞ്ഞു. പാർട്ടിവേദിയിൽ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ‌, രാമായണ മാസാചരണ പരിപാടിയുമായി മുന്നോട്ടു പോകാനാണു പാർട്ടിയുടെ സാംസ്കാരിക സെൽ ആയി പ്രവർത്തിക്കുന്ന കെപിസിസി വിചാർ വിഭാഗിന്റെ തീരുമാനമെന്നു ചെയർമാൻ നെടുമുടി ഹരികുമാർ വ്യക്തമാക്കി. 17നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പാർട്ടിയുടെ രാമായണ മാസാചരണം ഉദ്ഘാടനം ചെയ്യുന്നത്.

‘ഹിന്ദു പാക്കിസ്ഥാൻ’ പ്രയോഗത്തിന്റെ പേരിൽ വിമർശനവും അഭിനന്ദനവും നേടിയ ശശി തരൂരും പരിപാടിയിൽ പങ്കെടുക്കും. ‘രാമായണം നമ്മുടേതാണ്; നാടിന്റെ നന്മയാണ്’ എന്ന പേരിലാണു പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനത്തിന്റെ ഭാഗമായി രാമായണ പാരായണവും രാമായണത്തെ ആസ്പദമാക്കി ചർച്ചയുമുണ്ട്. എല്ലാ ജില്ലകളിലും ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കും.

ബിജെപിയുടെ വർഗീയവൽക്കരണത്തെ നേരിടാനും ഭൂരിപക്ഷവിഭാഗങ്ങളെ പാർട്ടിയിലേക്കു തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടാണു പരിപാടി. എന്നാൽ, ഇതു മതേതര പാർട്ടിയായ കോൺഗ്രസിനു ചേർന്നതല്ലെന്നു മുരളീധരൻ പറഞ്ഞു. മതത്തിൽ വിശ്വസിക്കുന്നവരും അല്ലാത്തവരും ഈ പാർട്ടിയിലുണ്ട്. രാമായണമാസം ആചരിക്കാൻ ഇഷ്ടം പോലെ മതസംഘടനകളുണ്ട്. കോൺഗ്രസ് അതു ചെയ്യേണ്ടതില്ല.

നാലുവോട്ടിനു വേണ്ടി ദൈവത്തെയും മതത്തെയും ഉപയോഗിക്കരുത്. താനും മതവിശ്വാസിയാണ്. ബിജെപി കാണിക്കുന്ന തെറ്റ് ആവർത്തിക്കുകയല്ല കോൺഗ്രസ് ചെയ്യേണ്ടത്. കെപിസിസി നിർവാഹക സമിതിയിലോ രാഷ്ട്രീയകാര്യസമിതിയിലോ ഇക്കാര്യം ചർച്ച ചെയ്തിട്ടില്ല. അങ്ങനെ തീരുമാനിച്ചതായി പ്രസി‍ഡന്റോ പ്രതിപക്ഷ നേതാവോ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.