Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 മണ്ഡലങ്ങളും ജയിക്കാൻ എന്തു ചെയ്യണം?; റിപ്പോർട്ട് തേടി ഹൈക്കമാൻഡ്

Indian National Congress

തിരുവനന്തപുരം∙ കെപിസിസി നേതൃസംഘം കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളും സന്ദർശിച്ചു വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്ന് എഐസിസി ആവശ്യപ്പെട്ടു. ഓരോ മണ്ഡലത്തിലും ജയിക്കാൻ എങ്ങനെ കഴിയുമെന്നാണ് എഐസിസി ചോദിച്ചിരിക്കുന്നത്. ഡിസിസി പ്രസിഡന്റുമാരോടു ജില്ലകളിലെ രാഷ്ട്രീയ സ്ഥിതി ആരാഞ്ഞതിനു പിന്നാലെയാണിത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെലോട്ടിന്റെ ഇതു സംബന്ധിച്ച കത്ത് കെപിസിസിക്കു ലഭിച്ചു. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, എഐസിസി ജനറൽ സെക്രട്ടറിമാർ എന്നിവരെ ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ഡൽഹിക്കു വിളിച്ചു ചർച്ച നടത്തും. ഈ മാസം അവസാനവാരമായിരിക്കും ഈ ആശയവിനിമയം.

ലോക്സഭാ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം, മണ്ഡലത്തിന്റെ സാമൂഹിക സ്ഥിതി, കോൺഗ്രസ് സംഘടനാ സംവിധാനത്തിന്റെ ശക്തി– ദൗർബല്യങ്ങൾ, മണ്ഡലത്തിൽ ജയിക്കണമെങ്കിൽ കിട്ടേണ്ട വോട്ട് വിഹിതം, അവസാന തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട്, ആ വിഹിതം കൂട്ടണമെങ്കിൽ അവലംബിക്കേണ്ട തന്ത്രം, മണ്ഡലത്തിലെ സംഘടനാ സംവിധാനത്തിന്റെ അവസ്ഥ, തിരഞ്ഞെടുപ്പു ഫലത്തെ തന്നെ ബാധിക്കാവുന്ന മണ്ഡലത്തിലെ പ്രശ്നങ്ങളെന്തൊക്കെ, മണ്ഡലത്തിലെ ശക്തരും സ്വാധീനമുള്ളവരുമായ കോൺഗ്രസ് നേതാക്കൾ ആരൊക്കെ തുടങ്ങിയ വിവരങ്ങളാണ് എഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പു തയാറെടുപ്പു നേരത്തെ തുടങ്ങണമെന്നും കേന്ദ്രനേതൃത്വം കെപിസിസിയോട് ആവശ്യപ്പെട്ടു. 

പ്രസിഡന്റ് ഉടൻ

കഴിഞ്ഞ തവണ യുഡിഎഫിനു 12 സീറ്റുകൾ ലഭിച്ച കേരളം കോൺഗ്രസ് നേതൃത്വം പ്രതീക്ഷയോടെ കാണുന്ന സംസ്ഥാനമാണ്. കെപിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഏതാനും ദിവസങ്ങൾ‍ക്കുള്ളിൽ തീരുമെന്ന സൂചനയാണുള്ളത്. പ്രവർത്തക സമിതി, ജനറൽ സെക്രട്ടറിമാർ എന്നിവരെ സംബന്ധിച്ച പ്രഖ്യാപനം വരുംദിവസങ്ങളിലുണ്ടാകും. അതുമായി ബന്ധപ്പെട്ടു പുതിയ പ്രസിഡന്റിനെയും പ്രഖ്യാപിക്കും.