Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരൂരിന്റെ ചിത്രത്തിൽ കരിഓയിൽ ഒഴിച്ചു യുവമോർച്ച പ്രതിഷേധം; എട്ടു പേർക്കെതിരെ കേസ്

Tharoor-Chennithala ശശി തരൂരും രമേശ് ചെന്നിത്തലയും മാധ്യമങ്ങളോടു സംസാരിക്കുന്നു. ചിത്രം: റിങ്കു രാജ് മട്ടാഞ്ചേരിയിൽ

തിരുവനന്തപുരം∙ ശശി തരൂർ എംപിയുടെ ‘ഹിന്ദു പാക്കിസ്ഥാൻ’ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ ഔദ്യോഗിക ഓഫിസിനു മുന്നിൽ റീത്ത് വച്ചും ചിത്രത്തിൽ കരിഓയിൽ ഒഴിച്ചും യുവമോർച്ചക്കാരുടെ പ്രതിഷേധം. എട്ടുപേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തു. ഉച്ചയ്ക്ക് ഒന്നരയോടെ നഗരത്തിൽ പുളിമൂടിനു സമീപത്തെ എംപി ഓഫിസിനു മുന്നിലായിരുന്നു അതിക്രമം.‌

സംഘടിച്ചെത്തിയ പ്രവർത്തകർ ആദ്യം ഓഫിസ് പടിക്കലും പിന്നീടു നോട്ടിസ് ബോർഡിലും കരിഓയിൽ ഒഴിച്ചു. പൊലീസ് എത്തിയെങ്കിലും പിന്മാറാതെ പ്രതിഷേധക്കാർ തരൂരിന്റെ ചിത്രവും കരിഓയിൽ ഒഴിച്ചു വികൃതമാക്കി. തുടർന്നു മതിലിനു മുകളിൽ കയറി ‘പാക്കിസ്ഥാൻ ഓഫിസ്’ എന്ന ബാനറും കെട്ടി. തൊട്ടുപിന്നാലെ പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ പ്രത്യാക്രമണത്തിനു മുതിർന്നെങ്കിലും നേതാക്കൾ വിലക്കി. വിവരമറിഞ്ഞു ശശി തരൂരും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ എം.എം.ഹസനും സ്ഥലത്തെത്തി. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി ശശി തരൂർ വ്യക്തമാക്കി. ഇനി എന്തൊക്കെ ചെയ്താലും നിലപാടു മാറ്റില്ല. അഭിപ്രായം പറയുന്നവരുടെ വായ മൂടിക്കെട്ടാനാണു ശ്രമം. പ്രതിഷേധമുണ്ടെങ്കിൽ പ്രതികരിക്കേണ്ടത് ഇങ്ങനെയല്ല. ഇതു ഭയപ്പെടുത്താനുള്ള ശ്രമമാണെന്നും തരൂർ പറഞ്ഞു. തനിക്കും ഓഫിസിനും സുരക്ഷ ആവശ്യപ്പെട്ട് പൊലീസ് കമ്മിഷണർ പി.പ്രകാശിന് അദ്ദേഹം കത്ത് നൽകി.

congress-leaders ശശി തരൂർ എംപിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക ഓഫിസിനു മുന്നിൽ റീത്ത് വച്ചും കരി ഓയിൽ ഒഴിച്ചും യുവമോർച്ചക്കാർ നടത്തിയ പ്രതിഷേധത്തിന്റെ വിവരമറിഞ്ഞെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ, വി.എസ്.ശിവകുമാർ എംഎൽഎ തുടങ്ങിയവർ തരൂരിനൊപ്പം. ചിത്രം: മനോരമ

അക്രമത്തിൽ പ്രതിഷേധിച്ചു ഡിസിസി നേതൃത്വത്തിൽ മോദിയുടെ കോലം കത്തിച്ചു. പുളിമൂട്ടിൽ നിന്ന് ഏജീസ് ഓഫിസിലേക്കുള്ള പ്രകടനത്തിനു വിഎസ്.ശിവകുമാർ എംഎൽഎ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ നേതൃത്വം നൽകി. ബിജെപിയുടേതു തികഞ്ഞ ഫാഷിസ്റ്റ് നടപടിയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. അഭിപ്രായം പറയുന്നവരെ നിശബ്ദരാക്കാനുള്ള ബിജെപി തന്ത്രം കോൺഗ്രസ് ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് രജിചന്ദ്രൻ, ജില്ലാ പ്രസിഡന്റ് അനുരാജ്, സംസ്ഥാന സമിതി അംഗം ബി.ജി.വിഷ്ണു തുടങ്ങിയവരുടെ നേതൃത‍്വത്തിലായിരുന്നു യുവമോർച്ച പ്രതിഷേധം.