Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ ജീവനക്കാർക്കു ബാങ്ക് വഴി ഭവനവായ്പ: പ്രത്യേക പദ്ധതിക്കു ശ്രമം

Thomas Issac

പാലക്കാട്∙ സർക്കാർ ജീവനക്കാരുടെ ഭവനവായ്പ ബാങ്കുകൾ വഴിയാക്കുമ്പോൾ ഏകീകൃത മാനദണ്ഡം നടപ്പാക്കുന്നതിനു ബാങ്കുകളുടെ യോഗം വിളിക്കും. പല ബാങ്കുകളും പല നിരക്കിലാണു പലിശ ഈടാക്കുന്നത്. മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. ഈ ആശയക്കുഴപ്പം പരിഹരിക്കാൻ സർക്കാർ ജീവനക്കാർക്കു മാത്രമായി പ്രത്യേക ഭവനവായ്പ വിഭാവനം ചെയ്യാൻ ബാങ്കുകളോട് ആവശ്യപ്പെടുമെന്നു മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.

പുതിയ അപേക്ഷകർക്കെല്ലാം ബാങ്ക് വഴിയാകും വായ്പ അനുവദിക്കുക. നിലവിൽ അപേക്ഷിച്ചവർക്കു വായ്പ നൽകുന്നതിനു സർക്കാരിന്റെ കൈയിൽ 50 കോടി രൂപയുണ്ട്. കുറച്ചു പണം കൂടി സ്വരൂപിക്കാനും ആലോചനയുണ്ട്. മുൻഗണന അനുസരിച്ച് ഈ തുക അനുവദിക്കും. നിലവിൽ അഞ്ചു ശതമാനം പലിശയ്ക്കാണു സർക്കാർ വായ്പ ലഭ്യമാക്കുന്നത്. ഇതു ബാങ്ക് വഴിയാകുമ്പോൾ അധികമായി വരുന്ന പലിശ സർക്കാർ നൽകുമെന്നായിരുന്നു ഉത്തരവ്. എന്നാൽ പല ബാങ്കുകളും പല നിരക്കിൽ പലിശ ഈടാക്കുന്നതു ബാധ്യതയാകുമെന്ന ധനവകുപ്പിന്റെ ഉപദേശത്തെത്തുടർന്നാണ് അവരുമായി ചർച്ച നടത്തുന്നത്.

അതേസമയം, ഭവനവായ്പ ബാങ്കുകൾ വഴിയാക്കുന്നതിനെ ജീവനക്കാരുടെ സംഘടനകൾ എതിർക്കുന്നു. ബാങ്കുകളുടെ മാനദണ്ഡമനുസരിച്ചു മാത്രമേ വായ്പ ലഭിക്കൂ എന്നാണ് അവരുടെ ആക്ഷേപം. ഇതു പാലിച്ചില്ലെങ്കിൽ വായ്പ നിഷേധിക്കാം. സർക്കാർ പദ്ധതിയനുസരിച്ചു മുതൽ ഈടാക്കിയ ശേഷമാണു പലിശയുടെ അടവ് ആരംഭിക്കുക. ബാങ്ക് വായ്പകൾ അങ്ങനെയല്ല.

related stories