Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി അന്തരിച്ചു

താനൂർ (മലപ്പുറം) ∙ ഖുർആൻ പണ്ഡിതനും മുതിർന്ന മുജാഹിദ് നേതാവുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി (74) അന്തരിച്ചു. താനൂർ കെ പുരം പുത്തൻതെരുവിലെ വസതിയിലാണ് അന്ത്യം. അസുഖബാധിതനായിരുന്ന അദ്ദേഹം ഏതാനും മാസമായി ചികിത്സയിലായിരുന്നു. കബറക്കം ഇന്ന് പത്തിനു പുത്തൻതെരു ജുമാ മസ്ജിദിൽ നടക്കും.

ഖുർആൻ പരിഭാഷയും വ്യാഖ്യാനവും മതപഠനഗ്രന്ഥങ്ങളുടെ രചനയുംകൊണ്ട് ശ്രദ്ധേയനാണ്. അബ്ദുൽ ഹമീദ് മദനിയും കുഞ്ഞിമുഹമ്മദ് മദനി പറപ്പൂരും ചേർന്നെഴുതിയ ‘വിശുദ്ധ ഖുർആൻ സമ്പൂർണ പരിഭാഷ’യ്ക്ക് കേരളത്തിലും പുറത്തും വലിയ പ്രചാരമുണ്ട്. കേരള നദ്‌വത്തുൽ മുജാഹിദീൻ സംസ്ഥാന സമിതി, പണ്ഡിതസഭയായ കേരള ജംഇയ്യത്തുൽ ഉലമ എന്നിവയിൽ അംഗമായിരുന്നു. ഖുർആൻ, ഹദീസ്, ശാസ്ത്രം, യുക്തിവാദം, അറബിക് ഭാഷാപഠനം തുടങ്ങിയ മേഖലകളിലായി 25 ഗ്രന്ഥങ്ങൾ രചിച്ചു. ‘ശബാബ്’ വാരിക മുഖ്യപത്രാധിപരായിരുന്ന അദ്ദേഹം മുജാഹിദ് വിഭാഗങ്ങൾക്കിടയിൽ പൊതുസ്വീകാര്യനായ പണ്ഡിതനായിരുന്നു.

ഖത്തർ സർക്കാരിന്റെ ഫെലോഷിപ്പും വക്കം മൗലവി പുരസ്കാവും നേടി. പള്ളി ദർസിൽ മതപഠനം തുടങ്ങി. അഴീക്കോട് ഇർഷാദുൽ മുസ്‌ലിമീൻ, കൊണ്ടോട്ടി പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജുകളിൽ തുടർപഠനം. വിവിധ സ്കൂളുകളിലും അറബിക് കോളജുകളിലും അധ്യാപകനായിരുന്നു. മുത്താണിക്കാട്ട് ഹൈദർ മുസല്യാർ– ആയിശുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ പി.പി.സൈനബ, മക്കൾ: ഡോ. മുഹമ്മദ് അമീൻ, അഹമ്മദ് നജീബ് (ഒമാൻ), ഖദീജ, ഉമ്മുസൽമ, അനീഷ, ജവഹറ, പരേതനായ മുനീർ. മരുമക്കൾ: ഡോ. സി.മുഹമ്മദ്, റസിയ, നുസൈബ, അഫ്സൽ, ഹാരിസ്.

related stories