Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി; യുഎസ് യാത്ര വെട്ടിച്ചുരുക്കി പിണറായി തിരിച്ചെത്തി

Pinarayi-Modi ഫയൽ ചിത്രം

തിരുവനന്തപുരം∙ യുഎസ് യാത്രാപരിപാടി വെട്ടിക്കുറച്ചു രണ്ടുദിവസം മുമ്പു മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. 18നു പുലർച്ചെ എത്താനിരുന്ന മുഖ്യമന്ത്രി ഇന്നലെ രാവിലെ അഞ്ചരയ്ക്കു തലസ്ഥാനത്തെത്തി. ഡൽഹിയിൽ 19നു പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കേണ്ട സാഹചര്യത്തിലാണു യാത്രാപരിപാടി ചുരുക്കിയത്.

മുഖ്യമന്ത്രി അമേരിക്കയ്ക്കു പോയ ശേഷമാണു കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രിയുടെ ഓഫിസ് സമയം നൽകിയത്. 18നു രാവിലെ മന്ത്രിസഭാ യോഗമുണ്ട്. അതിനു ശേഷം സർവകക്ഷി സംഘത്തെ നയിച്ചു മുഖ്യമന്ത്രി ഡൽഹിക്കു തിരിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ സംഘത്തിലുണ്ട്.

ഡൽഹി യാത്രയ്ക്കുള്ള തയാറെടുപ്പു കണക്കിലെടുത്താണു പിണറായി നേരത്തേ എത്തിയത്. ഭക്ഷ്യവിഹിതം, കഞ്ചിക്കോട്ടെ റെയിൽ ഫാക്ടറി, റബർ പ്രതിസന്ധി, ശബരി റെയിൽപാത തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്ര ഇടപെടൽ അഭ്യർഥിച്ചാണ് അഖിലകക്ഷി സംഘത്തിന്റെ യാത്ര. വിമാനമിറങ്ങി നേരെ ക്ലിഫ് ഹൗസിലേക്കു പോയ മുഖ്യമന്ത്രി രാവിലെ ഒൻപതരയോടെ ഓഫിസിലെത്തി. യാത്രാ പരിപാടി വെട്ടിച്ചുരുക്കി മുഖ്യമന്ത്രി എത്തുന്നത് ഓഫിസിലെ തന്നെ ചുരുക്കം പേരേ അറ‍ിഞ്ഞിരുന്നുള്ളൂ. ഈ മാസം അഞ്ചിനാണു കുടുംബാംഗങ്ങൾക്കൊപ്പം അമേരിക്കയ്ക്കു തിരിച്ചത്.

ന്യൂയോർക്കിൽ ഫൊക്കാന രാജ്യാന്തര കൺവൻഷൻ, ബാൾട്ടിമോറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജിയുടെ സ്വീകരണം, ഷിക്കാഗോയിൽ മലയാളി സംഘടനകളുമായും പ്രമുഖ വ്യക്തികളുമായും ആശയവിനിമയം തുടങ്ങിയവയായിരുന്നു പരിപാടികൾ. മടക്കയാത്രയിൽ അബുദാബിയിൽ ഒരു ദിവസം തങ്ങാനും പരിപാടിയിട്ടിരുന്നു. അത് ഉപേക്ഷിച്ചു. വിദേശ സന്ദർശനവേളയിൽ മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറിയിരുന്നില്ല. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്റെ വധവും അതിലെ പോപ്പുലർ ഫ്രണ്ടിന്റെ പങ്കും കേരളത്തിൽ വിവാദങ്ങൾക്കു കാരണമായി. കാലവർഷക്കെടുതി കനത്ത സാഹചര്യവും സർക്കാരിനു മുന്നിലുണ്ടായി. മുഖ്യമന്ത്രിക്കൊപ്പം അമേരിക്കയ്ക്കു പോയ മന്ത്രി കെ.കെ.ശൈലജ മുൻനിശ്ചയപ്രകാരം രാത്രി വൈകി തലസ്ഥാനത്തെത്തി.

related stories