Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എല്ലാവരും കൈവിട്ടെന്ന് ഐപിഎസ് അസോസിയേഷൻ യോഗത്തിൽ സുദേഷ് കുമാർ

gavaskar-adgp-sudhesh-kumar

തിരുവനന്തപുരം∙ പൊലീസ് ഡ്രൈവർ ഗവാസ്കറിനു മർദനമേറ്റ വിഷയത്തിൽ എല്ലാവരും തന്നെ കൈവിട്ടുവെന്ന് ഐപിഎസ് അസോസിയേഷൻ യോഗത്തിൽ എഡിജിപി സുദേഷ് കുമാറിന്റെ വികാരപ്രകടനം. ഗവാസ്കറെ സന്ദർശിക്കാനും ഫോണിൽ വിളിക്കാനും തയാറായ ഉന്നത ഉദ്യോഗസ്ഥരടക്കം ആരും തന്നെ കാണുകയോ വിളിക്കുകയോ ചെയ്തില്ലെന്നാണു സുദേഷ് കുമാറിന്റെ ആക്ഷേപം. സുദേഷിന്റെ മകൾ പൊലീസ് ഡ്രൈവർ ഗവാസ്കറിനെ മർദിച്ചതു വിവാദമായതോടെ അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നു നീക്കിയിരുന്നു. സംഭവത്തിനു തൊട്ടുപിന്നാലെ ചേർന്ന യോഗത്തിൽ സുദേഷ് കുമാർ പങ്കെടുത്തിരുന്നില്ല.

ഐപിഎസ് അസോസിയേഷനിലെ അംഗങ്ങൾ പോലും തന്നെ ഫോണിൽ വിളിച്ചില്ലെന്നും ആപത്തു വന്നപ്പോൾ സംരക്ഷിക്കാത്ത അസോസിയേഷനെ തനിക്ക് ആവശ്യമില്ലെന്നും സുദേഷ് കുമാർ പറഞ്ഞു. സുദേഷിന്റെ വികാരം ഉൾക്കൊള്ളുന്നുവെന്നും വിഷയത്തിൽ സംഘടനയ്ക്കു പാളിച്ച സംഭവിച്ചെങ്കിൽ പരിശോധിക്കാമെന്നും യോഗത്തിൽ അധ്യക്ഷനായ അഗ്നിശമനസേനാ മേധാവി എ.ഹേമചന്ദ്രൻ പറഞ്ഞു. യോഗത്തിൽ പങ്കെടുത്ത മറ്റാരും സുദേഷ് കുമാറിന് അനുകൂലമായി സംസാരിച്ചില്ല. എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ യോഗം വിളിച്ചത്.

സംഘടനയുടെ നിയമാവലി പാസാക്കണമെന്നും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഇത്തരം കാര്യങ്ങൾക്കു വാർഷിക ജനറൽ ബോഡി യോഗം വിളിക്കേണ്ടതുണ്ടെന്ന് എ.ഹേമചന്ദ്രൻ അറിയിച്ചു. സെപ്റ്റംബർ 16 ലെ യോഗത്തിൽ കരടു നിയമാവലി അവതരിപ്പിക്കാനും ഭാരവാഹികളെ തിരഞ്ഞെടുക്കാനുമാണു തീരുമാനം. നിലവിലെ ധാരണയനുസരിച്ച് എഡിജിപി ടോമിൻ തച്ചങ്കരി പ്രസിഡന്റായും എറണാകുളം റേഞ്ച് ഐജി വിജയ് സാക്കറെ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെടും.