Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിണറ്റിൽ വീണു കാട്ടാന ചരിഞ്ഞു

elephant ഇടുക്കി കൈതപ്പാറയിൽ കിണറ്റിൽ വീണു ചരിഞ്ഞ കാട്ടാന.

ചെറുതോണി ∙ ഇടുക്കി –കഞ്ഞിക്കുഴി പഞ്ചായത്തിലെ കൈതപ്പാറയിൽ വീടും കൃഷിയും തകർത്ത കാട്ടാനക്കൂട്ടത്തിലെ ആന പുരയിടത്തിലെ കിണറ്റിൽ വീണു ചരിഞ്ഞു. 

ശനി അർധരാത്രിയാണു സംഭവം. തൊടുപുഴ റേഞ്ചിനു കീഴിലെ മണിയാറൻകുടി വനമേഖലയിൽ നിന്ന് രാത്രി കൂട്ടമായി ഇറങ്ങിയ ആറു കാട്ടാനകൾ കുളമ്പനേൽ ജോസഫിന്റെ പുരയിടത്തിലേക്ക് കയറുകയായിരുന്നു. കൃഷി ചവിട്ടിമെതിച്ച ഇവ ജോസഫിന്റെ വീടും ,സമീപത്തുള്ള തൊഴുത്തും തകർത്തു. ഈ സമയം വീട്ടിൽ ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. തുടർന്ന് സമീപത്തെ കുളമ്പനേൽ മാത്യുവിന്റെ പുരയിടത്തിലേക്ക് ഇറങ്ങിയ ആനകൾ ഇവിടെയും കൃഷി തകർത്ത് മടങ്ങുമ്പോഴായിരുന്നു ഒരു ആന കിണറ്റിൽ വീണത്. തലകുത്തി വീണ ആനയ്ക്ക് കരകയറാനായില്ല. കൂട്ടത്തിലുള്ള മറ്റ് ആനകൾ പുലർച്ചയോടെ മടങ്ങി.

ഇന്നലെ രാവിലെ പ്രദേശവാസികൾ കൃഷിയിടത്തിലെത്തിയപ്പോഴാണ് വിവരം അറിയുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലകർ കാട്ടാനയെ കിണറ്റിൽ നിന്ന് ഉയർത്തി ജഡം മറവു ചെയ്യുന്നതിനുള്ള‍ നടപടികൾ ആരംഭിച്ചു. വനമേഖലയിൽ നിന്നു നാട്ടിലേക്ക് ഇറങ്ങിയ കാട്ടാനകൾ വഴിയോരത്തുള്ള ഉറുമ്പിൽ ബൈജു, കുളമ്പനേൽ ജോസ് എന്നിവരുടെ കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം വരുത്തി. നാലു ഭാഗവും വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് കൈതപ്പാറ.

മണ്ണുമാന്തി യന്ത്രം മറിഞ്ഞു  യുവാവ് മരിച്ചു

jobish-chacko ജോബിഷ് ചാക്കോ

കൈതപ്പാറയിൽ കിണറ്റിൽ വീണു ചരിഞ്ഞ കാട്ടാനയുടെ ജഡം ഉയർത്താൻ പോയ മണ്ണുമാന്തി യന്ത്രം മറിഞ്ഞു യുവാവ് മരിച്ചു. കൈതപ്പാറ കുളമ്പേൽ (വാഴക്കുളത്ത്) ജോബിഷ് ചാക്കോ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കൈതപ്പാറയിലെത്തിയ മണ്ണുമാന്തിയന്ത്രത്തിനു വഴി കാണിക്കാനാണു ജോബിഷ് കൂടെപ്പോയത്. മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രി മോർച്ചറിയിൽ.