Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ധനകാര്യ സ്ഥാപന ഉടമയുടെ വധം: തീ കൊളുത്തിയ യുവാവ് പിടിയിൽ

sumesh-kumar സുമേഷ്കുമാർ

താമരശ്ശേരി ∙ കൈതപ്പൊയിൽ മലബാർ ഫിനാൻസിയേഴ്‌സ് ഉടമ പുതുപ്പാടി കുപ്പായക്കോട് എളവക്കുന്നേൽ പി.ടി കുരുവിള (സാജു കുരുവിള –52)യെ പെട്രോൾ ഒഴിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലപ്പുഴ വള്ളിക്കുന്നം കടുവിനാൽ സുമേഷ് ഭവനത്തിൽ സുമേഷ്‌കുമാർ (40) പിടിയിലായി. റൂറൽ എസ്പിയുടെ പ്രത്യേക സംഘം തിരൂരിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഇയാളെ അറസ്റ്റു ചെയ്തത്.

താൻ ആവശ്യപ്പെട്ട പണം നൽകാത്തതാണ് കുരുവിളയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീകൊളുത്താൻ കാരണമെന്നാണ് പ്രതി പൊലീസിനു നൽകിയ മൊഴി. പ്ലമിങ് കോൺട്രാക്ടറായിരുന്ന പ്രതി നേരത്തെ ഇവിടെ സ്വർണം പണയം വച്ച പരിചയത്തിൽ രണ്ടുലക്ഷം രൂപയുടെ വായ്പ ആവശ്യപ്പെട്ട് കഴിഞ്ഞ ഒൻപതിനാണ് സ്ഥാപനത്തിലെത്തിയത്. എന്നാൽ രണ്ടു മൂന്നു തവണ പോയിട്ടും പണം കിട്ടിയില്ല. വെള്ളിയാഴ്ച പ്രതികാര മനോഭാവത്തോടെയാണ് അവസാനശ്രമമെന്ന നിലയിൽ ധനകാര്യ സ്ഥാപനത്തിൽ എത്തിയത്. അവസാനം 75000 രൂപ ആവശ്യപ്പെട്ടിട്ടും ഉടമ നൽകാൻ വിസമ്മതിച്ചതോടെയാണ് കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ചു തീ കൊളുത്തിയെന്നാണ് മൊഴി. ഇയാളെ ധനകാര്യ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു.

സംഭവത്തിനു ശേഷം ഒന്നര മണിക്കൂറോളം പൊലീസിനെയും മറ്റു നിരീക്ഷിച്ച് ഇയാൾ സ്ഥലത്തുണ്ടായിരുന്നു. പിന്നീട് അടിവാരത്തെത്തി താമസിച്ചിരുന്ന ലോഡ്ജിലെ മുറി ഒഴിഞ്ഞു ബൈക്കിൽ കോഴിക്കോട് ബീച്ചിൽ നേരത്തെ ജോലിചെയ്തിരുന്ന ഒരു ഫ്ലാറ്റിലെ റിസപ്ഷൻ കൗണ്ടറിൽ പുലർച്ചെ വരെ ഇരുന്നതിനുശേഷം തിരൂർക്കു പോയി. അടുത്ത ദിവസം മുംബൈയിലേക്കു കടക്കുന്നതിനായി തലക്കടത്തൂരിൽ നേരത്തെ താമസിച്ചിരുന്ന ലോഡ്ജിലെ ഇടനാഴിയിൽ കിടന്നുറങ്ങുമ്പോഴാണ് പിടികൂടിയത്.