Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നനഞ്ഞു കുതിർന്ന് കേരളം

Rain Havoc Kottayam Pic

സംസ്ഥാനമൊട്ടാകെ തിമിർത്തു പെയ്ത മഴയ്ക്ക് ഇന്നലെ തെല്ലുശമനം. എങ്കിലും പല ജില്ലകളിലും മഴക്കെടുതികൾ രൂക്ഷമായി തുടരുന്നു. ദുരിതമായി പെയ്തിറങ്ങിയ മഴയിൽ കൃഷിനാശം, വീടുകൾക്കു തകർച്ച, ഗതാഗത തടസ്സം, സെമിത്തേരികൾ നിറഞ്ഞുകവിഞ്ഞതു മൂലം സംസ്കാരശുശ്രൂഷകൾ വരെ അനിശ്ചിതത്വത്തിൽ...

കാസർകോട്

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ ഏറ്റവും കുറവ് മഴയാണ് ഇന്നലെ രേഖപ്പെടുത്തിയത്. കരിന്തളത്ത് പുലർച്ചെയുണ്ടായ കാറ്റിൽ കൃഷി നശിച്ചു. വെള്ളരിക്കുണ്ട്, രാജപുരം തുടങ്ങിയ  മേഖലകളിൽ പലയിടത്തും കഴിഞ്ഞ ദിവസം മുടങ്ങിയ വൈദ്യുതബന്ധം ഇതു വരെ പുനഃസ്ഥാപിച്ചിട്ടില്ല.

കണ്ണൂർ

ജില്ലയിൽ മഴ കുറഞ്ഞു. ചക്കരക്കൽ തിലാന്നൂരിൽ ഇരുനില കെട്ടിടം തകർന്നു വീണു നാലു പേർക്കു പരുക്കേറ്റു. കൃഷി നാശത്തിൽ 3.44 കോടി രൂപയുടെ നഷ്ടം. പഴശ്ശി ഡാമിലെ ജലനിരപ്പ് 17.70 മീറ്ററായി ഉയർന്നു. 

കോഴിക്കോട്

ഒരാഴ്ചയായി തുടരുന്ന മഴയുടെ ശക്തി കുറഞ്ഞെങ്കിലും പരക്കെ മഴ ലഭിച്ചു. മലയോര മേഖലകളായ കൂരാച്ചുണ്ട്, വയലട പ്രദേശങ്ങളിൽ കൃഷിനാശം വ്യാപകം. റോഡുകൾ തകർന്നു. താലൂക്കുകളിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. ടോൾ ഫ്രീ നമ്പർ: 1077

തൃശൂർ

കഴിഞ്ഞ രണ്ടു വർഷത്തെക്കാൾ ശക്തമായ മഴയാണ് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും പെയ്തത്. ഇന്നല മഴ കുറഞ്ഞിട്ടുണ്ട്. കൊടുങ്ങല്ലൂർ, കയ്പമംഗലം. ചാവക്കാട് തുടങ്ങി തീരമേഖലകളിൽ കടൽക്ഷോഭ ഭീഷണി തുടരുന്നു. മാള, ഇരിങ്ങാലക്കുട മേഖലകളിൽ ചില കുടുംബങ്ങളും കോളനികളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

എറണാകുളം

ജില്ലയിൽ പെരുമഴയ്ക്ക് അൽപം ശമനമുണ്ടായി. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. കര കവിഞ്ഞൊഴുകിയ പെരിയാർ ഉൾപ്പെടെയുള്ള നദികളിലെ ജലനിരപ്പ് താഴ്ന്നു. റെയിൽ ഗതാഗതം പൂർണതോതിൽ പുനഃസ്ഥാപിച്ചു. എറണാകുളം സൗത്ത് സ്റ്റേഷനിലെ സിഗ്നൽ സംവിധാനത്തിലെ തകാറുകൾ ഇന്നലെ രാവിലെയോടെ പരിഹരിച്ചു.

ആലപ്പുഴ

കനത്ത മഴയിലും കാറ്റിലും ജില്ലയിൽ ഗതാഗതം താറുമാറായി. കുട്ടനാട് സമീപ വർഷങ്ങളിൽ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം. പല പ്രദേശങ്ങളും പൂർണമായി ഒറ്റപ്പെട്ടു. എസി റോഡിൽ ചങ്ങനാശേരി – ആലപ്പുഴ ബസ് സർവീസ് മുടങ്ങി. എസി റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന കുട്ടനാട്ടിലെ എല്ലാ വഴികളിലും ഗതാഗതം മുടങ്ങി. കൂറ്റൻ ആൽമരം വീണു കായംകുളം – മാവേലിക്കര റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. 

കോട്ടയം

ജില്ലയിൽ കനത്ത മഴ തുടരുന്നു. മീനച്ചിലാറിന്റെ ജലനിരപ്പ് അപകടകരമായ നിലയിൽ. ഇതു മൂലം ഏറ്റുമാനൂർ –ചങ്ങനാശേരി മേഖലയിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു. മലയോര മേഖലയിൽ മണ്ണിടിച്ചിൽ, മറ്റു സ്ഥലങ്ങളിൽ വെള്ളക്കെട്ട്. പാലാ, ചങ്ങനാശേരി, കുറവിലങ്ങാട്, കോട്ടയം, കുമരകം, വൈക്കം മേഖലയിൽ ആയിരക്കണക്കിന് ആളുകൾ വീടുകളിൽ കുടുങ്ങി. ഗതാഗതം താറുമാറായി. കുമരകം വഴിയുള്ള ചേർത്തല, വൈക്കം സർവീസുകളും നിർത്തിവച്ചു. തലയോലപ്പറമ്പ് – വൈക്കം റൂട്ടിലും ഗതാഗതം നിലച്ചു.

കൊല്ലം

മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും മഴക്കെടുതിക്കു കുറവില്ല. ഇതുവരെ 18 വീടുകൾ പൂർണമായും 505 വീടുകൾ ഭാഗികമായും തകർന്നു. തെന്മല പരപ്പാർ ഡാമിൽ 97.7 % വെള്ളമായതോടെ ഡാം ഏതു നിമിഷവും തുറന്നുവിടുമെന്ന് മുന്നറിയിപ്പ് നൽകി. കല്ലടയാറിലും ചിറ്റുമല ചിറയിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തീരങ്ങളിൽ താമസിക്കുന്നവർക്കു ജാഗ്രതാ നിർദേശമുണ്ട്. കടലാക്രമണം രൂക്ഷം.

തിരുവനന്തപുരം

ജില്ലയിൽ ഇന്നലെ കാര്യമായ മഴ ഉണ്ടായില്ല. തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുന്നു. വെള്ളപ്പൊക്കം മൂലം ട്രെയിൻ ഗതാഗതം താറുമാറായത് യാത്രക്കാരെ വലച്ചു. 

പത്തനംതിട്ട

മഴയുടെ ശക്തി കുറഞ്ഞു. കിഴക്കൻ മേഖലകളിൽ വെള്ളം ഇറങ്ങി. കോഴഞ്ചേരി, മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിൽ പ്രളയം തുടരുന്നു. തിരുവല്ല താലൂക്കിൽ ബസ് സർവീസുകൾ മുടങ്ങി. സെമിത്തേരിയിൽ വെള്ളം കയറി അപ്പർകുട്ടനാട്ടിലെ മിക്ക സംസ്കാര ശുശ്രൂഷകളും അനിശ്ചിതത്വത്തിലാണ്.

ഇടുക്കി

ജില്ലയിൽ മഴയ്ക്കു നേരിയ ശമനം. തിങ്കളാഴ്ച കനത്ത മലയിടിച്ചിൽ ഉണ്ടായ മൂന്നാർ ടൗൺ ബൈപാസിൽ മണ്ണ് നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കം വിജയിച്ചില്ല. മഴയിൽ പല തവണ വീണ്ടും മണ്ണിടിഞ്ഞു. പൊന്മുടി ഡാമിന്റെ ഒരു ഷട്ടറും മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകളും ഉയർത്തി. ജില്ലയിൽ പലയിടത്തും ഉരുൾപൊട്ടൽ ഭീഷണിയുണ്ട്. 

പാലക്കാട്

മഴയുടെ ശക്തി കുറഞ്ഞു. 2000 ഹെക്ടർ നെൽകൃഷി വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. വടക്കഞ്ചേരി കടപ്പാറയിൽ വനത്തിനുള്ളിൽ ഉരുൾപെ‍ാട്ടി അട്ടപ്പാടി ചുരം രണ്ടു തവണ ഇടിഞ്ഞെങ്കിലും താൽക്കാലിക സംവിധാനത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. 

മലപ്പുറം

തീരദേശപാതയിലെ ചമ്രവട്ടം റോഡ് ചളിക്കുളമായി. കോഴിക്കാട് – നിലമ്പൂർ – ഗൂഡല്ലൂർ പാതയിലെ നാടുകാണി ചുരം മണ്ണിച്ചിൽ ഭീഷണിയിലാണ്. മേലാറ്റൂരിലും പൊന്നാനിയിലും രൂക്ഷമായ കടലാക്രമണം തുടരുന്നു.

വയനാട്

മഴയ്ക്കു ശമനം. ഇന്നലെയും തുടർന്ന മണ്ണിടിച്ചിലിൽ മൂന്നു വീടുകൾ പൂർണമായി തകർന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചു. മാനന്തവാടി പേര്യ 37ൽ റോഡിൽ വിള്ളലുണ്ടായതു മൂലമുണ്ടായ ഗതാഗത തടസ്സം പരിഹരിക്കുന്നതിനു നടപടികൾ പുരോഗമിക്കുന്നു.