Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി ഭരണപരിഷ്കരണം നേർവഴിയിൽ തന്നെ: സുശീൽ ഖന്ന

ksrtc-logo

തിരുവനന്തപുരം∙ കെഎസ്ആർടിസിയിലെ ഭരണപരിഷ്കാരങ്ങൾ ശരിയായ ദിശയിലാണെന്നും തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും ഒന്നിച്ചുനിൽക്കണമെന്നും കോർപറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു രക്ഷിക്കാനുള്ള പാക്കേജ് തയാറാക്കാൻ സർക്കാർ നിയോഗിച്ച പ്രഫ. സുശീൽ ഖന്ന. തച്ചങ്കരിക്കെതിരെ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ പരസ്യമായി പോരിനിറങ്ങിയിരിക്കെയാണു സുശീൽ ഖന്നയുടെ പിന്തുണ. അന്തിമ പാക്കേജ് സമർപ്പിക്കുന്നതിന്റ ഭാഗമായി മാനേജ്മെന്റുമായും തൊഴിലാളികളുമായും ചർച്ച നടത്താൻ എത്തിയതായിരുന്നു സുശീൽ ഖന്ന. ഒരു മാസത്തിനകം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

സുശീൽ ഖന്ന സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലല്ല മാനേജ്മെന്റ് പ്രവർത്തിക്കുന്നതെന്നായിരുന്നു തൊഴിലാളി യൂണിയനുകളുടെ ആക്ഷേപം. എന്നാൽ ഈ ആരോപണം സുശീൽഖന്ന തള്ളി. യൂണിയനുകളും ജീവനക്കാരും എംഡിയുമായി സഹകരിച്ചാൽ ലക്ഷ്യം കൈവരിക്കാൻ കഴിയുമെന്നു തനിക്കുറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മാസവരുമാനം ഇപ്പോൾ കൂടിയിട്ടുണ്ട്. ഇതു 10 കോടിയിലെത്താൻ പ്രയാസമുണ്ടാകില്ല. ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിച്ചും റൂട്ട് പുനഃക്രമീകരിച്ചും പരമാവധി ബസുകളിറക്കിയും നേട്ടം കൈവരിക്കാനാകും.

കെഎസ്ആർടിസിയെ മൂന്നു സോണുകളാക്കി തിരിക്കണമെന്ന നിർദേശം നടപ്പാക്കണം. എക്സിക്യൂട്ടീവ് ഡയറക്ടർമാർക്കു സ്വതന്ത്ര ചുമതല നൽകണം. ഇതോടെ ഓരോ സോണിലും വരുമാനം വർധിക്കും. കാര്യക്ഷമതയുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഉണ്ടാകണമെന്നും ഖന്ന ആവശ്യപ്പെട്ടു. ടോമിൻ തച്ചങ്കരി ഉൾപ്പെടെയുള്ള മാനേജ്മെന്റ് പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി. ഇന്നു തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തും. തിരുവനന്തപുരം ജില്ലയിലെ ചില ഡിപ്പോകൾ സന്ദർശിച്ചു പ്രവർത്തനം വിലയിരുത്തും. 

related stories