Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ചിട്ടി: ആശങ്ക വേണ്ടെന്ന് ഐസക്

TM Thomas Issac

തിരുവനന്തപുരം∙ പ്രവാസി ചിട്ടിയെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും മുൻ മന്ത്രി കെ.എം.മാണിയുടെയും ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നു മന്ത്രി. ടി.എം.തോമസ് ഐസക്. ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യമായ ആശങ്ക സൃഷ്ടിക്കാനേ ഇവരുടെ പ്രചാരണങ്ങൾ ഉപകരിക്കൂ. ചിട്ടിയുടെ സെക്യൂരിറ്റിക്കു ബാങ്ക് ഗാരന്റി വേണമെന്ന നിബന്ധനയാണു കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് എതിരായി ചൂണ്ടിക്കാട്ടുന്നത്.

ചിട്ടിത്തുകയ്ക്കു ലഭ്യമാക്കാവുന്ന മൂന്നു തരത്തിലുള്ള സെക്യൂരിറ്റികളിൽ ഒന്നു മാത്രമാണു ബാങ്ക് ഗാരന്റി. സർക്കാർ സെക്യൂരിറ്റിയും ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ള സെക്യൂരിറ്റിയുമാണു മറ്റു രണ്ടെണ്ണം. ഇതിൽ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണു കിഫ്ബി വഴി പ്രവാസിച്ചിട്ടിക്കു ലഭ്യമാക്കുന്ന സെക്യൂരിറ്റി.

ചിട്ടി നിയമത്തിലെ വകുപ്പുകൾ പ്രകാരം അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുണ്ട്. അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശയ്ക്കും 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20-ാം വകുപ്പു പ്രകാരം സംസ്ഥാന സർക്കാരുകൾ ഗാരന്റി നൽകുന്നുണ്ട്. 2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ 100% ഗാരന്റി നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നതു പൂർണമായും നിയമവിധേയവും സുരക്ഷിതവുമാണെന്നും തോമസ് ഐസക് പറഞ്ഞു.

പ്രവാസി ചിട്ടി: ഫെമ നിയമം പാലിക്കണമെന്ന് മാണി

പ്രവാസി ചിട്ടി പദ്ധതി നിയമസഭയിൽ ചർച്ചചെയ്തതിനു ശേഷമേ നടപ്പാക്കാവൂവെന്നു കെ.എം.മാണി. 1982ലെ കേന്ദ്ര ചിട്ടി നിയമത്തിലെയും കേരള ചിട്ടി നിയമങ്ങളുടെയും ഫെമ റെഗുലേഷന്റെയും വ്യവസ്ഥകൾക്ക് അനുസരണമായി മാത്രമേ പ്രവാസി ചിട്ടി നടത്താൻ സാധിക്കൂ.  ഫെമ നിയമമനുസരിച്ചു പ്രവാസിക്ക് എൻആർഎ അക്കൗണ്ടിൽനിന്നു കെഎസ്എഫ്ഇയുടെ അംഗീകൃത ബാങ്കിലേക്കു നേരിട്ടു ചിട്ടിത്തവണ അടയ്ക്കാൻ വ്യവസ്ഥയുണ്ട്. ഇതനുസരിച്ച് എല്ലാ പ്രവാസികൾക്കും കെഎസ്എഫ്ഇയുടെ ചിട്ടിയിൽ ചേരാൻ താൻ 2015ൽ അനുവാദം നൽകിയിട്ടുണ്ട്. തുക കെഎസ്എഫ്ഇയുടെ അംഗീകൃത ബാങ്കിലല്ലാതെ കിഫ്ബിയിൽ പോകുന്നതുകൊണ്ടാണു ഫെമ നിയമത്തിനു വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയതെന്നു കെ.എം.മാണി പറഞ്ഞു.

related stories