Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാമുകളിലേക്ക് ഒഴുകുന്നത് 66 കോടി രൂപയുടെ വെള്ളം

Idukki

തൊടുപുഴ∙ ഇന്നലെ പെയ്ത മഴയിൽ കെഎസ്ഇബിയുടെ ഡാമുകളിലേക്ക് ഒഴുകിയെത്തിയത് 66 കോടി രൂപയുടെ ‘ആസ്തി’. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിൽ 221.229 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ വെള്ളമാണ് അണക്കെട്ടുകളിൽ ഒഴുകിയെത്തിയത്. കേരളം വൈദ്യുതി വിൽക്കുന്ന ശരാശരി വിലയായ മൂന്നുരൂപ വച്ചു കണക്കുകൂട്ടിയാൽ 66.38 കോടി രൂപയുടെ വൈദ്യുതിക്കുള്ള വെള്ളമാണിത്.

പവർ എക്‌സ്‌ചേഞ്ചിൽനിന്നു കഴിഞ്ഞ സെപ്റ്റംബറിൽ കേരളം വൈദ്യുതി വാങ്ങിയ യൂണിറ്റ് വിലയായ 9.90 രൂപ കണക്കുകൂട്ടിയാൽ 218 കോടിയുടെ വൈദ്യുതിക്കുള്ള വെള്ളമുണ്ട്. ഇടുക്കി അണക്കെട്ടിൽ മാത്രം 92.612 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 92.612 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 

അണക്കെട്ടിലെ ജലനിരപ്പ് ഒരുദിവസം കൊണ്ട് 2.83 അടി ഉയർന്ന് 2374 അടിയിലെത്തി. സംഭരണശേഷിയുടെ 69 ശതമാനം വെള്ളം ഇപ്പോൾ അണക്കെട്ടിലുണ്ട്.