Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭാ തിരഞ്ഞെടുപ്പ്: ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും യോഗം വിളിക്കാൻ സിപിഎം

CPM Logo

കണ്ണൂർ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മധ്യവർഗ പിന്തുണയുറപ്പാക്കാൻ സിപിഎം എല്ലാ ജില്ലകളിലും പ്രഫഷനലുകളുടെ സംഗമമൊരുക്കുന്നു. ആദ്യഘട്ടത്തിൽ ഡോക്ടർമാരുടെയും എൻജിനീയർമാരുടെയും യോഗങ്ങൾ പ്രത്യേകമായി വിളിക്കാൻ ജില്ലാ കമ്മിറ്റികൾക്കു നിർദേശം നൽകി. ഐടി ഉൾപ്പെടെ മറ്റു മേഖലകളിൽ ജോലി ചെയ്യുന്നവരുടെ യോഗങ്ങൾ അടുത്ത ഘട്ടത്തിൽ നടത്തും.

ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ സിപിഎം മന്ത്രിമാർ പങ്കെടുക്കും. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ഓരോ ജില്ലയിലെയും പൗരപ്രമുഖരുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടന്നുവരികയാണ്. സിപിഎം ജില്ലാ കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ഈ മുഖാമുഖത്തിൽ വ്യാപാരികൾ, വ്യവസായികൾ, അഭിഭാഷകർ തുടങ്ങിയവരാണു പങ്കെടുക്കുന്നത്. ഇതിനു പിന്നാലെയാണു ഡോക്ടർമാരും എൻജിനീയർമാരും ഉൾപ്പെടെയുള്ള പ്രഫഷനലുകളുമായി മന്ത്രിമാരുടെ മുഖാമുഖം.

സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമെന്ന പേരിൽ സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളുടെയും ലക്ഷ്യം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വിഭാഗങ്ങളുടെ പിന്തുണ തന്നെ. ഓരോ മേഖലയിലെയും പ്രശ്‌നങ്ങൾ കണ്ടെത്തുകയും പരിഹാരം ഉറപ്പുനൽകി തിരഞ്ഞെടുപ്പിൽ കൂടെ നിർത്തുകയുമാണു ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അവരെ സമീപിക്കുന്നതിനേക്കാൾ ഗുണകരമാവുക നേരത്തേ തന്നെ ആകർഷിച്ച് ഒപ്പം നിർത്തുന്നതാണെന്നാണു പാർട്ടി കരുതുന്നത്.

സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും വിവിധമേഖലകളിൽ നടപ്പാക്കേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കാനുമെന്ന പേരിലാവും പ്രഫഷനലുകളുടെ യോഗം വിളിക്കുക. സംഗമത്തിൽ പങ്കെടുക്കുന്നവർ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കണമെന്നും അതിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കമ്മിറ്റി തന്നെ മുൻകൈയെടുക്കണമെന്നും നിർദേശമുണ്ട്.