Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടു, കൈമലർത്തി; മോദിയെ കണ്ട സർവകക്ഷിസംഘത്തിന് നിരാശ

Modi-Pinarayi-meeting തിരികെ തരേണ്ടതു പൂക്കാലം: കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ശ്രദ്ധയിൽപെടുത്താനെത്തിയ സർവകക്ഷി സംഘത്തിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ബൊക്കെ സമ്മാനിക്കുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമീപം.

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ കടുത്ത നിരാശയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം. പ്രധാന ആവശ്യങ്ങളിൽ വ്യക്തമായ മറുപടി നൽകാതിരുന്ന പ്രധാനമന്ത്രി, വെട്ടിക്കുറച്ച അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം തള്ളുകയും ചെയ്തെന്നു മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.

എന്നാൽ, തട്ടിക്കൂട്ടു നിവേദനവുമായാണു പ്രധാനമന്ത്രിയെ കണ്ടതെന്നായിരുന്നു സംഘത്തിലുണ്ടായിരുന്ന ബിജെപി പ്രതിനിധി എ.എൻ.രാധാകൃഷ്ണന്റെ പ്രതികരണം. സർവകക്ഷി സംഘത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു. 

കേരളത്തിന്റെ ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ പ്രതികരണവും

∙ റേഷനരി തികയുന്നില്ലെന്നും വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കണമെന്നുമായിരുന്നു സർവകക്ഷി സംഘത്തിന്റെ ആദ്യ ആവശ്യം. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി ഒന്നും ചെയ്യാനാവില്ലെന്നു മറുപടി. 

∙ ഇനി കോച്ച് ഫാക്ടറി പരിഗണിക്കുന്നില്ലെന്നായിരുന്നു കഞ്ചിക്കോടിന്റെ കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം. ചർച്ചയ്ക്കെത്തുമ്പോഴും പ്രതീക്ഷയുണ്ടായിരുന്നുവെന്നും പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന കത്തു റെയിൽവേ മന്ത്രി തന്നെ നൽകിയതാണെന്നും മുഖ്യമന്ത്രി. 

∙ അങ്കമാലി–ശബരി പാതയുടെ കാര്യം റെയിൽവേയുമായി ആലോചിക്കും. തുടർന്നു റെയിൽവേയും കേരളവുമായി ചർച്ചയ്ക്ക് അവസരമൊരുക്കും. 

∙ കസ്തൂരിരംഗൻ വിഷയത്തിൽ കേരളം റിപ്പോർട്ട് അയച്ചെന്നും അന്തിമ വിജ്ഞാപനം വേണമെന്നും സർവകക്ഷി സംഘം. ഒട്ടേറെ സംസ്ഥാനങ്ങളെ ബാധിക്കുന്ന കാര്യമായതിനാൽ നടപടി വേഗത്തിലാക്കുമെന്നു മറുപടി.

∙ കാലവർഷക്കെടുതിയെക്കുറിച്ചു വിശദീകരിച്ചപ്പോൾ, എല്ലാ റിപ്പോർട്ടുകളും ദിനംപ്രതി ലഭിക്കുന്നുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി. 

∙ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി ഏറ്റെടുക്കാനാകുമെന്നു കേരളത്തിനു വലിയ പ്രതീക്ഷയായിരുന്നുവെന്നും സ്ഥലവും അസംസ്കൃത വസ്തുക്കളും വിട്ടുനൽകിയത് ഇതിന്റെ ഭാഗമായിരുന്നുവെന്നും കേരളം. വിൽപന ടെൻഡറിൽ പങ്കെടുക്കാൻ നിർദേശം.

∙ കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യത്തിനു വേണ്ടി ഇടപെടൽ ആവശ്യപ്പെട്ടെങ്കിലും വ്യക്തമായ മറുപടിയില്ല.

പിണറായിക്ക്  മോദിയുടെ രഹസ്യ കത്ത്

ന്യൂഡൽഹി∙ ഉള്ളടക്കം പ്രതിപക്ഷത്തോടോ മാധ്യമങ്ങളോടോ പറയുന്നില്ലെന്ന മുഖവുരയോടെ മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യ കത്ത്. 

സർവകക്ഷി സംഘത്തിലെ പ്രതിനിധികളെ സാക്ഷികളാക്കിയാക്കിയായിരുന്നു കത്തു കൈമാറ്റം. കേന്ദ്രം കേരളത്തിന് അനുവദിച്ച പ്രധാന പദ്ധതികളിൽ ഇനിയും പൂർത്തിയാക്കാത്തവയുടെ വിശദാംശങ്ങളാണു കത്തിലുള്ളതെന്നാണു സൂചന. ഇക്കാര്യം പിണറായി വിജയനും പരസ്യമാക്കിയിട്ടില്ല.

സർവകക്ഷി സംഘത്തിന്റെ സന്ദർശനം വിവാദമായതിനു പിന്നാലെ, വൈകിട്ടു മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രധാന പ്രശ്നം പദ്ധതികളിലെ മെല്ലെപ്പോക്കാണെന്നു വിമർശിച്ചു.

related stories