Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലവർഷക്കെടുതി: കേന്ദ്രസംഘത്തെ അയയ്ക്കണമെന്ന് മുഖ്യമന്ത്രി

Chengalam-Rain-Kottayam

തിരുവനന്തപുരം ∙ കാലവർഷക്കെടുതി മൂലമുള്ള ഭീമമായ നഷ്ടം വിലയിരുത്തി അടിയന്തര സഹായം ലഭ്യമാക്കാൻ കേരളത്തിലേക്കു കേന്ദ്രസംഘത്തെ അയയ്ക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ഇമെയിൽ അയച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർവകക്ഷി സംഘം ഇന്നു ഡൽഹിയിൽ പ്രധാനമന്ത്രിയെ കാണുമ്പോൾ മറ്റു വിഷയങ്ങൾക്കൊപ്പം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്യും. വിവിധ വകുപ്പുകളുമായി ചർച്ച ചെയ്തു നഷ്ടം വിലയിരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസിനെ ചുമതലപ്പെടുത്തി. കഴിഞ്ഞ രണ്ടുമാസത്തിനിടെ 90 മരണം റിപ്പോർട്ട് ചെയ്തു. അൻപതിലേറെ സ്ഥലങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. 333 വീടുകൾ പൂർണമായും എണ്ണായിരത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. പതിനായിരത്തോളം ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചു. 

ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദേശീയ ദുരന്തപ്രതികരണ സേനയെ (എൻഡിആർഎഫ്) നിയോഗിച്ചിട്ടുണ്ട്. ഇവരുടെ രണ്ടു സംഘത്തെ കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂരിലും തിരുവനന്തപുരത്തും ആലപ്പുഴ നൂറനാട്ടുമുള്ള സൈനിക യൂണിറ്റുകൾക്ക് ആവശ്യത്തിനു ഡിങ്കി ബോട്ടുകളും മറ്റ് ഉപകരണങ്ങളും അടിയന്തരമായി ലഭ്യമാക്കണം. വ്യോമസേനയ്ക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്ടറെങ്കിലും അനുവദിക്കുകയും വേണം.

ഓഖി ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാനത്തെ 590 കിലോമീറ്റർ വരുന്ന കടലോര മേഖലയുടെ സംരക്ഷണത്തിന് 7340 കോടി രൂപയുടെ പാക്കേജ് അനുവദിക്കണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിരുന്നു. ഈ നിവേദനത്തിന് കേന്ദ്രത്തിൽനിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്നലെ വൈകിട്ടുള്ള വിമാനത്തിൽ സർവകക്ഷിസംഘം ഡൽഹിയിലെത്തി. റേഷൻ വിഹിതം, കഞ്ചിക്കോട് കോച്ച് ഫാക്ടറി, ശബരി റെയിൽപാത, കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച സംസ്ഥാനത്തിന്റെ ശുപാർശ തുടങ്ങിയ കാര്യങ്ങളും സംഘം ഇന്നു പ്രധാനമന്ത്രിയെ കാണുമ്പോൾ ഉന്നയിക്കുന്നുണ്ട്.

related stories