Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ കുറഞ്ഞെങ്കിലും ദുരിതം തുടരുന്നു; മൂന്നു മരണം, ഒരാളെ കാണാതായി

edathuva ആലപ്പുഴയിലെ എടത്വയിൽ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ വീണു മരിച്ച രണ്ടു വയസ്സുകാരി ഏയ്ഞ്ചലിന്റെ മൃതദേഹം സംസ്കാരത്തിനായി പച്ച ലൂർദ് മാതാ പള്ളിയിലേക്ക് കൊണ്ടുപോകുന്നു. വെള്ളക്കെട്ടായതിനാൽ രണ്ടു കിലോമീറ്റർ ദൂരം നടന്നാണു മൃതദേഹം പള്ളിയിൽ എത്തിച്ചത്. പച്ച പന്ത്രണ്ടിൽ ജെയ്മോന്റെയും ബീനയുടെയും മകളാണ് മരിച്ച ഏയ്ഞ്ചൽ.

തിരുവനന്തപുരം∙ സംസ്ഥാനത്തു മഴയ്ക്കു ശമനമുണ്ടെങ്കിലും പല ജില്ലകളിലും ദുരിതം തുടരുന്നു. മഴക്കെടുതികളിൽ മൂന്നുമരണം കൂടി. ഒരാളെ കാണാതായി. തൃശൂർ അളഗപ്പനഗർ എരിപ്പോടിൽ ചേനക്കാല അയ്യപ്പൻ (72), മകൻ ബാബു (45) എന്നിവർ മഴയത്തു വീടു തകർന്നാണു മരിച്ചത്. വെള്ളക്കെട്ടിൽ കാണാതായ, കോട്ടയം അയ്മനം കുഴിത്താർ ഒഴുക്കാനപ്പള്ളി രവീന്ദ്രന്റെ (72) മൃതദേഹം കണ്ടെത്തി.

മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം കോട്ടയം ജില്ലയിൽ 11 ആയി. ചെങ്ങന്നൂർ തിരുവൻവണ്ടൂർ നന്നാട് മാങ്ങത്തറയിൽ എം.കെ.കൃഷ്ണൻകുട്ടിയുടെ മകൻ കെ.എം.സുരേഷിനെയാണു (39) വരട്ടാറിൽ കാണാതായത്. കോട്ടയം മണിമലയാറ്റിൽ കാണാതായ അടൂർ മണക്കാല വട്ടമലതെക്കേതിൽ ഷാഹുലിനു (21) വേണ്ടി തിരച്ചിൽ തുടരുന്നു വീടിനു സമീപത്തെ വെള്ളക്കട്ടിൽ ഇന്നലെ രാവിലെയാണു നാട്ടുകാർ രവീന്ദ്രന്റെ മൃതദ്ദേഹം കണ്ടത്. പരിസരമാകെ ദുർഗന്ധം പരന്നപ്പോൾ ഇത് എന്തിന്റേതാണുന്നുള്ള അന്വേഷണം നടത്തിയപ്പോഴായിരുന്നു മൃതദ്ദേഹമാണെന്നു കണ്ടെത്തിയത്.സിപിഐ കുഴിത്താർ ബ്രാഞ്ച് സെക്രട്ടറിയായും അയ്മനം ലോക്കൽ കമ്മിറ്റി അംഗമായും രവീന്ദ്രൻ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: നിർമല. സംസ്കാരം നടത്തി.മക്കൾ: രതീഷ്, രാഖിമോൾ, രാജിമോൾ.

പെയ്തു തീരാതെ ദുരിതം

ആലപ്പുഴ–ചങ്ങനാശേരി റോഡ് ഏതാണ്ടു പൂർണമായി വെള്ളത്തിനടിയിലാണ്. ആലപ്പുഴ ജില്ലയിൽ പതിനായിരങ്ങളാണു ദുരിതാശ്വാസകേന്ദ്രങ്ങളിൽ കഴിയുന്നത്. കെഎസ്ആർടിസി ബസുകൾ അടക്കം നിർത്തി. സംസ്ഥാനത്തു മഴക്കെടുതിയിൽ 216 കോടിയുടെ നാശനഷ്ടമുണ്ടായതായാണ് ഔദ്യോഗിക കണക്ക്. 391 വീടുകൾ പൂർണമായും 1316 വീടുകൾ ഭാഗികമായും നശിച്ചു. 15619 ഹെക്ടറിലാണു കൃഷിനാശം. 

അവധി

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കുമെന്നു കലക്ടർ അറിയിച്ചു. എന്നാൽ, കുട്ടനാടും കാർത്തികപ്പള്ളിയും ഒഴിച്ചുള്ള താലൂക്കുകളിലെ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളുകളും പ്രഫഷനൽ കോളജുകളും പ്രവർത്തിക്കും. 28നു ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവൃത്തിദിനമായിരിക്കും. കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കഴിഞ്ഞ തിങ്കളാഴ്ച അവധി നൽകിയതിനു പകരം ഇന്നു പ്രവൃത്തിദിനമായിരിക്കും.

related stories