Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള സർക്കാർ മുടക്കിയ പദ്ധതികൾക്ക് കേന്ദ്രഫണ്ട് ലഭ്യമാക്കാൻ ബിജെപി

കൊച്ചി ∙ സംസ്ഥാന സർക്കാരിന്റെ അലംഭാവം കാരണം കേരളത്തിൽ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചു വിശദമായ റിപ്പോർട്ട് തയാറാക്കി കേന്ദ്രഫണ്ട് ലഭ്യമാക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർവകക്ഷി സംഘം കേരളത്തിന്റേതായി സമർപ്പിച്ച നിവേദനം വേണ്ടത്ര പഠനം നടത്താതെ തട്ടിക്കൂട്ടി തയാറാക്കിയ ഒന്നായിരുന്നുവെന്നും സംഘത്തിലുണ്ടായിരുന്ന അദ്ദേഹം ആരോപിച്ചു. നിവേദനത്തിനു മറുപടിയായി പ്രധാനമന്ത്രി പറഞ്ഞതായി മുഖ്യമന്ത്രിയും കോൺഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണ്. കരിപ്പൂർ വിമാനത്താവളത്തെക്കുറിച്ചു നിവേദനത്തിൽ പരാമർശമുണ്ടായിരുന്നില്ല. കോൺഗ്രസ് നേതാവ് ചോദിച്ചപ്പോഴാണു പ്രധാനമന്ത്രി മറുപടി പറഞ്ഞത്.

പ്രധാനമന്ത്രിയെ കാണുന്ന ദിവസം രാവിലെ ഒൻപതിനു മാത്രമാണ് നിവേദനത്തിന്റെ പകർപ്പു തനിക്കു ലഭിച്ചതെന്നും രാധാകൃഷ്ണൻ പറഞ്ഞു. റേഷൻ കാര്യത്തിൽ കേരളം സ്വീകരിക്കേണ്ട ഉപഭോക്തൃപ്പട്ടികയുടെ പുനഃക്രമീകരണമാണ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്.

അതേസമയം, പ്രത്യേക സഹായമായി ചോദിച്ച അരിയും ഗോതമ്പും കഴിഞ്ഞ രണ്ടു തവണ കേന്ദ്രം അനുവദിച്ചിട്ടും കേരളം ഏറ്റെടുത്തില്ല. കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ 500 കോടി രൂപയ്ക്കു തുടക്കമിട്ട പദ്ധതിയാണ് ഇപ്പോൾ 2,500 കോടി ചെലവിൽ എത്തിയത്. യുപിഎ ഭരിച്ച കാലത്തൊന്നും ശ്രമിക്കാത്ത പദ്ധതി മോദി സർക്കാർ പരിഗണിക്കുന്നില്ലെന്നു പറയുന്നതിൽ ന്യായമില്ല. പതിമൂന്നും പതിനാലും ധനകാര്യ കമ്മിഷനുകൾ കേരളത്തിന് അനുവദിച്ചതു റെക്കോർഡ് തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

related stories