Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോകാതിരുന്നത് വിളിക്കാത്തതു കൊണ്ടെന്ന് കണ്ണന്താനം; വീണ്ടുമുലഞ്ഞ് കേന്ദ്ര,സംസ്ഥാന ബന്ധം

Alphons Kannanthanam

ന്യൂഡൽഹി∙ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘവും തമ്മിലുള്ള കൂടികാഴ്ചയും തുടർന്നുള്ള വിവാദങ്ങളും കേന്ദ്ര–സംസ്ഥാന ബന്ധം കൂടുതൽ വഷളാക്കുന്നു. മുഖ്യമന്ത്രിക്കു കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നാലു തവണ നിഷേധിച്ചതോടെ തന്നെ കേന്ദ്ര–സംസ്ഥാന  ബന്ധത്തിൽ വിള്ളലേറിയിരുന്നു. 

കേരളം ഉന്നയിച്ച ആവശ്യങ്ങളിലൊന്നും പ്രധാനമന്ത്രി അനുകൂല മറുപടി നൽകിയില്ലെന്നു പിണറായിയും രമേശ് ചെന്നിത്തലയും മറ്റ് പ്രതിനിധികൾക്കൊപ്പം പരസ്യമായി കുറ്റപ്പെടുത്തി മടങ്ങിയ ശേഷം പ്രതിരോധവുമായി കേന്ദ്രവും രംഗത്തെത്തി. 

സർവകക്ഷി സംഘത്തിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രധാനമന്ത്രി അതൃപ്തി അറിയിച്ചതായി അടിയന്തര  വാർത്താസമ്മേളനം വിളിച്ച കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കി. കേരളത്തെ പ്രതിനിധീകരിച്ച സംഘത്തെ അറിയിക്കാത്ത പല ഉറപ്പുകളും കണ്ണന്താനത്തിനു നൽകുകയും ചെയ്തു. താനും മുഖ്യമന്ത്രിയുമായി നല്ല ബന്ധമാണെന്ന് ആവർത്തിച്ച കണ്ണന്താനം നാലുവർഷത്തിനിടെ, കേരളം ആവശ്യപ്പെട്ട പദ്ധതികളും ഫണ്ടും അനുവദിച്ചു നൽകിയിട്ടുണ്ടെന്നും പറഞ്ഞു.

പദ്ധതികൾ നടപ്പാക്കുന്നതിൽ കേരളത്തിൽ വലിയ കാലതാമസമുണ്ട്. ആറന്മുളയും ഗുരുവായൂരും അടക്കം സ്വദേശി ദർശൻ, പ്രസാദ് സ്കീം തുടങ്ങി ടൂറിസം മന്ത്രാലയം അനുവദിച്ച പദ്ധതികളെല്ലാം മന്ദഗതിയിലാണ്. വിളിക്കാത്തതു കൊണ്ടാണു സർവകക്ഷി സംഘത്തിനൊപ്പം പോകാതിരുന്നത്. കേരളത്തിന്റെ വികസനത്തിനു വേണ്ട കാര്യങ്ങൾ ആരും അറിയിക്കാതെ തന്നെ നിർവഹിക്കുന്നുണ്ടെന്നും കണ്ണന്താനം പറഞ്ഞു.