Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്രവിരുദ്ധ പ്രചാരണത്തിലേക്കു സിപിഎം

CPM Flag

തിരുവനന്തപുരം∙ സർവകക്ഷി സംഘത്തോടു പ്രധാനമന്ത്രി മുഖം തിരിച്ചതിൽ പ്രതിഷേധിച്ചു കേന്ദ്രത്തിനും ബിജെപിക്കുമെതിരെ ശക്തമായ രാഷ്ട്രീയ പ്രചാരണത്തിനു സിപിഎം. ഇന്നു സമാപിക്കുന്ന രണ്ടുദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനങ്ങളുണ്ടാകും. കേന്ദ്ര നടപടിക്കെതിരെ കമ്മിറ്റി പ്രമേയവും പാസാക്കും. 

ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ മുഖ്യമന്ത്രി ഇന്നലെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ പങ്കെടുത്തു. നേതൃതലത്തിൽ പാർട്ടിയെടുക്കേണ്ട സമീപനത്തെക്കുറിച്ചു കൂടിയാലോചനകൾ നടന്നു. 

പാർട്ടിയെ ശക്തമാക്കാനായി ഹൈദരാബാദ് പാർട്ടി കോൺഗ്രസ് എടുത്ത തീരുമാനങ്ങളെ അധികരിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ രേഖ പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള റിപ്പോർട്ട് ചെയ്തു. ഇതും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികളും ചർച്ച ചെയ്തു. അഭിമന്യു വധത്തെത്തുടർന്നുള്ള നടപടികളും പരാമർശവിഷയമായി. എസ്ഡിപിഐയുടെ ആപൽസൂചന തിരിച്ചറിഞ്ഞു പ്രതികരിക്കണമെന്ന ആവശ്യമാണ് ഉയർന്നത്. ആർഎസ്എസിനും പോപ്പുലർ ഫ്രണ്ടിനുമെതിരെയുള്ള വർഗീയ വിരുദ്ധപ്രചാരണത്തിന്റെ ഭാഗമായ നടപടികളും യോഗം തീരുമാനിക്കും. അഭിമന്യു സഹായഫണ്ടിനായുള്ള ആഹ്വാനത്തിനു മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും വ്യക്തമാക്കപ്പെട്ടു. 

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പുകൾ ഇന്നു വിലയിരുത്തും. മണ്ഡലംതല ശിൽപശാലകൾ പൂർത്തിയാതിനാൽ നാളെ തിരുവനന്തപുരത്തു നേതൃതല ശിൽപശാല ആരംഭിക്കും.