Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

bomb കോഴിക്കോട് ജില്ലയിലെ അരിക്കുളം കാരയാട് സിപിഎം ഏരിയാ കമ്മറ്റി അംഗവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയുമായ പി.പി. രമണിയുടെ വീടിന്റെ വാതിൽ ബോംബേറിൽ തകർന്ന നിലയിൽ.

മേപ്പയൂർ (കോഴിക്കോട്) ∙ സിപിഎം– എസ്ഡിപിഐ സംഘർഷം നിലനിൽക്കുന്ന അരിക്കുളം കാരയാട്ട് സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീടിനു നേരെ ബോംബേറ്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.പി. രമണിയുടെ വീടിനു നേരെയാണ് ഇന്നലെ പുലർച്ചെ നാലോടെ ബോംബെറിഞ്ഞത്. സ്ഫോടനത്തിൽ വീടിന്റെ വാതിൽ തകർന്നു. രമണിയും ഭർത്താവും മകനും വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ബോംബെറിഞ്ഞത് എസ്ഡിപിഐ പ്രവർത്തകരാണെന്ന് സിപിഎം അരിക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.സി. ബാലകൃഷ്ണൻ ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് പൈക്കാട്ട് ശ്രീജിത്തിന്റെ വീടിനു നേരെയും പുലർച്ചെ കല്ലേറുണ്ടായി. കണ്ടാലറിയാവുന്ന ആറു പേരുടെ പേരിൽ മേപ്പയൂർ പൊലീസ് കേസെടുത്തു. ബോംബെറിഞ്ഞതുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് എസ്ഡിപിഐ നേതാക്കൾ പറഞ്ഞു. 

കഴിഞ്ഞയാഴ്ച എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ സെക്രട്ടേറിയറ്റ് അംഗം മരുതിയാട് ചാലിൽ വിഷ്ണുവിനു വെട്ടേറ്റതിനെ തുടർന്ന് ഈ മേഖലയിൽ സംഘർഷം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ ജില്ലാ നേതാവ് അറസ്റ്റിലായിരുന്നു. വടകര ഡിവൈഎസ്പി സി.ആർ. സന്തോഷ്, മേപ്പയൂർ എസ്ഐ യൂസഫ് നടുത്തറമ്മൽ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. വടകരയിൽനിന്ന് എത്തിയ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.