Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രധാനമന്ത്രി മോദിയുടെ പ്രതികരണം നിർഭാഗ്യകരം: മുഖ്യമന്ത്രി

Pinarayi-vijayan-2

തിരുവനന്തപുരം ∙ കേരളത്തിന്റെ ആവശ്യങ്ങൾ അറിയിക്കാൻ തന്റെ നേതൃത്വത്തിൽ ചെന്ന സർവകക്ഷി സംഘത്തോടു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ച രീതി നിർഭാഗ്യകരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മുൻപു കാണാൻ സമയം ആവശ്യപ്പെട്ടപ്പോൾ യാത്രകളും തിരക്കും കാരണമാകാം പ്രധാനമന്ത്രി ഒഴിഞ്ഞുമാറിയത്. എന്നാൽ അവസാന വിദേശയാത്രയും കഴിഞ്ഞ് അദ്ദേഹം എത്തിയപ്പോൾ അനുവദിച്ച സമയം ഉപയോഗപ്പെടുത്താനാണു കേരളം തീരുമാനിച്ചത്.

എന്തു വിശദീകരണവും നൽകാൻ സജ്ജരായി പ്രതീക്ഷയോടെ എത്തിയ സംഘത്തോട് വിശദാംശങ്ങളിലേക്കു കടന്നുള്ള ചർച്ചയ്ക്കു പ്രധാനമന്ത്രി തയാറായില്ല. സംസ്ഥാനങ്ങൾക്കു ഭരണഘടനാനുസൃതമായ കേന്ദ്രസഹായവും സഹകരണവും ലഭിക്കാതെ മുന്നോട്ടുപോകാനാകില്ല. സംസ്ഥാനങ്ങളുടെ സഹകരണമില്ലാതെ കേന്ദ്രം മുന്നോട്ടുപോയാൽ അതു ഭരണഘടനയുടെ ലംഘനമാകും. ഭക്ഷ്യവിഹിതം വർധിപ്പിക്കണമെന്ന ആവശ്യം ന്യായമാണെന്ന് അംഗീകരിക്കാൻ പോലും പ്രധാനമന്ത്രി തയാറായില്ല.

മുൻഗണനയിൽപ്പെടാത്ത വിഭാഗങ്ങൾക്കു റേഷൻ നൽകാനായി കേന്ദ്രസംഭരണിയിൽ നിന്നു കൂടുതൽ അരി കിട്ടണമെന്നു പറഞ്ഞപ്പോൾ അതു പറ്റില്ലെന്നായിരുന്നു മറുപടി. മറ്റു സംസ്ഥാനങ്ങൾക്കു നൽകുന്നതേ തരാൻ പറ്റൂ എന്നു പ്രധാനമന്ത്രി പറഞ്ഞപ്പോൾ കേരളത്തിന്റെ സവിശേഷ സാഹചര്യവും കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടാക്കിയ ധാരണയും തങ്ങൾ ചൂണ്ടിക്കാട്ടി. എന്നാൽ പരിഗണിക്കാൻ കഴിയില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു.

പാലക്കാട് റെയിൽവേ കോച്ച് ഫാക്ടറിയുടെ കാര്യം അറിയിച്ചപ്പോൾ, കോൺഗ്രസ് ഭരണകാലത്തു വാഗ്ദാനം ചെയ്ത പദ്ധതി നടക്കാത്തതിനെക്കുറിച്ച് ഇപ്പോൾ പറഞ്ഞിട്ടു കാര്യമില്ലെന്ന പ്രധാനമന്ത്രിയുടെ മറുപടി തങ്ങളെ അദ്ഭുതപ്പെടുത്തി. ഒരു സർക്കാർ മറ്റൊരു സർക്കാരിന്റെ തുടർച്ചയാണെന്ന അടിസ്ഥാന കാഴ്ചപ്പാടു പോലും അദ്ദേഹം മറന്നു. അങ്കമാലി-ശബരി റെയിൽപ്പാതയുടെ കാര്യത്തിൽ ചർച്ച നടത്താൻ റെയിൽവേക്കു നിർദേശം നൽകാമെന്ന് അദ്ദേഹം പറഞ്ഞു.

ഇപ്പോഴത്തെ മഴക്കെടുതിയും വെള്ളപ്പൊക്കവും മുൻനിർത്തി പ്രത്യേക സഹായം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ കേന്ദ്രസംഘത്തെ അയയ്ക്കാമെന്ന ഉറപ്പ് പ്രധാനമന്ത്രിയിൽ നിന്നു ലഭിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പ്രധാനമന്ത്രി അനുകൂലമായി ഒന്നും പറഞ്ഞില്ല. ഇക്കാര്യത്തിൽ ചെയ്യാനുള്ള കാര്യങ്ങൾ കേന്ദ്രം ചെയ്യുക തന്നെ വേണം. പശ്ചിമഘട്ടത്തിലെ റിസർവ് വനം അടക്കമുള്ള സംരക്ഷിത മേഖലകളെ മാത്രം ഇഎസ്എ ആയി കണക്കാക്കി ജനവാസ പ്രദേശങ്ങളെയും തോട്ടങ്ങളെയും ഒഴിവാക്കണമെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. പദ്ധതികൾ കൃത്യമായി ആവിഷ്കരിച്ചും കാര്യക്ഷമമായി നടപ്പാക്കിയുമാണു കേരളം സമഗ്രവും സമതുലിതവുമായ വികസനം ഉറപ്പുവരുത്തുന്നത്.

നമുക്കുവേണ്ട പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനുമുള്ള കേന്ദ്രസഹായം ആവശ്യമാണ്. സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഹിതം അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നു കേന്ദ്രം തീരുമാനിക്കുന്നതല്ല ഫെഡറലിസം. ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത് ഇന്ത്യൻ ഭരണഘടനയെ തൊട്ടു സത്യം ചെയ്ത് അധികാരത്തിലെത്തിയിട്ടുള്ള എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories