Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ട്രെയിനുകൾക്കു സ്റ്റോപ്പുകൾ കുറയും

railway track

കൊച്ചി ∙ ഹംസഫർ, അന്ത്യോദയ ട്രെയിനുകൾക്കു പിന്നാലെ ഇനി വരുന്ന പുതിയ ട്രെയിനുകൾക്കും സ്റ്റോപ്പുകൾ കുറയാൻ സാധ്യത. പുതിയ നയത്തിന്റെ ഭാഗമായാണു സ്റ്റോപ്പുകൾ കുറയ്ക്കുന്നതെന്നു സൂചന. ഡിവിഷനുകൾ ശുപാർശ ചെയ്ത സ്റ്റോപ്പുകൾ പോലും കൊച്ചുവേളി–മംഗളൂരു അന്ത്യോദയ എക്സ്പ്രസിനു ലഭിച്ചില്ല. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാത്തതിനു പ്രധാന കാരണങ്ങളിലൊന്നു കേരളത്തിലെ തുടർ‍ച്ചയായ സ്റ്റോപ്പുകളാണെന്നാണു റെയിൽവേയുടെ കണ്ടെത്തൽ.

അടുത്തടുത്തുള്ള സ്റ്റോപ്പുകൾ കാരണം ശരാശരി വേഗംപോലും കൈവരിക്കാൻ ട്രെയിനുകൾക്കു കഴിയുന്നില്ലത്രേ. യാത്രക്കാരുടെ സംഘടനകൾ ഈ വാദം ഒരു പരിധിവരെ അംഗീകരിക്കുന്നുണ്ടെങ്കിലും ഈ വിഷയത്തിൽ കൂട്ടായ ചർച്ച വേണമെന്ന നിലപാടിലാണ്.

ട്രെയിനുകളെല്ലാം വേഗത്തിൽ ഓടുകയും അതേസമയം എല്ലായിടത്തും നിർത്തുകയും വേണമെന്ന ആവശ്യം സാധ്യമല്ലെന്നു റെയിൽവേ ഉന്നത ഉദ്യോഗസ്‌ഥർ പറയുന്നു. ട്രെയിനുകളുടെ സമയനിഷ്ഠ റെയിൽവേ ബോർ‍ഡിനു പുറമേ പ്രധാനമന്ത്രിയുടെ ഓഫിസും നിരീക്ഷിക്കുന്നുണ്ട്. മരം വീഴ്ച, മഴ, സിഗ്‌നൽ തകരാർ, എഞ്ചിനിൽ തീ, വെള്ളക്കെട്ട്, പാളത്തിൽ വിള്ളൽ, യാഡിലെ പാളം തെറ്റൽ എന്നിങ്ങനെ ട്രെയിൻ വൈകാൻ ദിവസവും ഓരോ കാരണം ഉള്ളതുകൊണ്ടാണു ഡിവിഷനുകള്‍ ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. 

ദീർഘ സർവീസ് നടത്തുന്ന പല പ്രതിവാര ട്രെയിനുകൾക്കും കേരളത്തിൽ ആവശ്യത്തിലേറെ സ്റ്റോപ്പുകളുണ്ട്. ഇത് ജില്ലാ ആസ്ഥാനങ്ങളിലും തീർഥാടന കേന്ദ്രങ്ങളിലും മാത്രമായി നിജപ്പെടുത്തുകയാണ് ആദ്യം വേണ്ടതെന്നു ഡിവിഷനൽ റെയിൽവേ യൂസേഴ്സ് കമ്മിറ്റിയംഗം പി. കൃഷ്ണകുമാർ പറഞ്ഞു. ഈ ട്രെയിനുകളുടെ വേഗം കൂട്ടി കാണിക്കാനാണു റെയിൽവേ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നാലു സ്റ്റോപ് മാത്രമുള്ള തിരുനെല്‍വേലി – ഗാന്ധിധാം ഹംസഫറിൽ യാത്രക്കാര്‍ വളരെ കുറവാണ്. അന്ത്യോദയയില്‍ 40 ശതമാനം യാത്രക്കാരേയുള്ളൂ. ഇതു കണക്കിലെടുത്തു പ്രധാന സ്റ്റേഷനുകളില്ലെങ്കിലും ട്രെയിനുകള്‍ക്കു സ്റ്റോപ് ഉറപ്പാക്കണമെന്നു യാത്രക്കാര്‍ പറയുന്നു. മല്ലികാർജുന ഖാർഗെ റെയിൽവേ മന്ത്രിയായിരുന്ന കാലത്താണു തിരഞ്ഞെടുപ്പിനു മുന്നോടിയായി എംപിമാർ കേരളത്തിൽ വഴിനീളെ സ്റ്റോപ്പുകൾ വാങ്ങിക്കൂട്ടിയത്. 330 കിലോമീറ്റർ ഓടുന്ന വേണാടിന് 29 സ്റ്റോപ് അങ്ങനെയാണുണ്ടായത്.