Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആനശല്യം അടങ്ങുന്നില്ല; മന്ത്രിയുടെ കാറിനു മുന്നിലേക്ക് പരാതിയുമായി സിസ്റ്റർ

rincy-sis കാട്ടാനശല്യം കൊണ്ടു പൊറുതിമുട്ടിയ ഷോളയൂരിൽ ദീപ്തി കോൺവന്റിനു മുന്നിലൂടെ കടന്നുപോകുന്ന മന്ത്രി കെ.രാജുവിന്റെ വാഹനത്തിനു കൈ കാട്ടുന്ന സിസ്റ്റർ റിൻസി

ഷോളയൂർ (അട്ടപ്പാടി) ∙ ‘ഞങ്ങടെ റോഡ് കണ്ടോ. ആന കാരണം ഒരു നിർവാഹവുമില്ല ജീവിക്കാൻ. ഇതിനൊരു പരിഹാരമുണ്ടാക്കിത്തരാണ്ട് പറ്റില്ല. ഞങ്ങടെ പറമ്പിലൊന്ന് വന്നു കാണണം ആന നശിപ്പിച്ചിട്ടേക്കുന്നത്. ഞങ്ങളെ വീടൊക്കെ കുത്തിപ്പൊളിക്കുവാ... ഇതിനൊരു പരിഹാരമുണ്ടാക്കാതെ പറ്റില്ല....’.

കാട്ടാനശല്യവും റോഡ് തകർച്ചയും ദുരിതത്തിലാക്കിയ അട്ടപ്പാടിക്കാരുടെ പ്രതിനിധിയായി പരാതിയുമായി മന്ത്രിയുടെ വാഹനത്തിനു മുന്നിലെത്തിയ മദർ സിസ്റ്റർ റിൻസി. ഇന്നലെ ഷോളയൂരിലെത്തിയ മന്ത്രി കെ.രാജുവിന്റെ ഔദ്യോഗിക വാഹനം കടന്നുപോകുമ്പോഴാണു നേരിട്ടു പരാതി പറയാനായി ദീപ്തി കോൺവെന്റിലെ മദർ സിസ്റ്റർ റോഡിലിറങ്ങിയത്.

റോഡിലെ വെള്ളക്കെട്ടുള്ള കുഴികൾ മറികടക്കാൻ വേഗത കുറച്ച കാറിനുമുന്നിലൂടെയായിരുന്നു സിസ്റ്റർ മന്ത്രിക്കരികിലെത്തിയത്. മന്ത്രി മറുപടി പറയും മുൻപെ പൊലീസും ഒപ്പമുള്ള പാർട്ടി പ്രവർത്തകരുമെത്തി സിസ്റ്ററെ വിലക്കി. കാര്യം മനസ്സിലാക്കിയ മന്ത്രിയുടെ പ്രസംഗത്തിൽ ഭൂരിഭാഗവും ആനശല്യത്തെക്കുറിച്ചായിരുന്നു.