Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റേഷൻ: കേരളം ചോദിച്ചത് അർഹതപ്പെട്ടതെന്ന് ഉമ്മൻ ചാണ്ടി

Oommen Chandy

തിരുവനന്തപുരം∙ അധിക റേഷൻവിഹിതം ലഭിക്കാൻ കേരളത്തിന് അർഹതയുണ്ടെന്നും ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷം മൂന്നുവർഷം നമുക്ക് അധിക വിഹിതം ലഭിച്ചിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗവും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. സർവകക്ഷി സംഘത്തിൽ കേന്ദ്രമന്ത്രിമാരെ ഉൾപ്പെടുത്തുന്ന കീഴ്‌വഴക്കം മുമ്പും ഇല്ലെന്ന് അൽഫോൻസ് കണ്ണന്താനത്തെ ഒഴിവാക്കിയതിനെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു. കേന്ദ്ര സർക്കാരിന്റെ ഭാഗമായ കേന്ദ്രമന്ത്രിമാർക്കു സംസ്ഥാനത്തിനുവേണ്ടി പ്രധാനമന്ത്രിയോടു വാദിക്കാനുള്ള ബുദ്ധിമുട്ടു പരിഗണിച്ചാണു സംഘത്തിൽ ഉൾപ്പെടുത്താത്തത്.

റേഷൻ വിഹിതത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞതു ശരിയല്ല. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയശേഷവും കേന്ദ്രം അധിക റേഷൻ അനുവദിച്ചിരുന്നു. അതു തുടരാമെന്നു പ്രധാനമന്ത്രി നേരത്തേ ഉറപ്പു നൽകിയിട്ടുള്ളതാണ്. ഈ ഉറപ്പു ലംഘിച്ചാണു സർവകക്ഷി സംഘത്തോട് അദ്ദേഹം സംസാരിച്ചത്. റേഷൻ വിഹിതം നേടിയെടുക്കാൻ സർക്കാരിനു കോൺഗ്രസ് പൂർണ പിന്തുണ നൽകും. കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി റേഷൻ നടപ്പാക്കിയ 1966–67 കാലത്തു നമുക്ക് ആവശ്യമായ അരി നൽകാമെന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഉറപ്പു നൽകിയതാണ്. പകരം നാണ്യവിളകൾ കൃഷി ചെയ്തുകൊള്ളാനും പറഞ്ഞിരുന്നു.

2013ൽ ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയപ്പോൾ നമ്മുടെ വിഹിതം വെട്ടിക്കുറച്ചു. വെട്ടിക്കുറച്ച വിഹിതം താൻ പ്രധാനമന്ത്രി മൻമോഹൻസിങ്ങിനെ കണ്ട് ആവശ്യപ്പെട്ടതനുസരിച്ച് ഇടക്കാല ക്വോട്ടയായി പുനഃസ്ഥാപിച്ചു. ആ കാലാവധി കഴിഞ്ഞപ്പോഴേക്കും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി. അരി ലഭ്യമാണെങ്കിൽ നൽകണമെന്നു താൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതനുസരിച്ച് 2016 സെപ്റ്റംബർ വരെ അധിക വിഹിതം നൽകി. വെട്ടിക്കുറച്ച വിഹിതം മൂന്നുവർഷത്തോളം പുനഃസ്ഥാപിച്ചു കിട്ടി.

ഈ കാലാവധി കഴിഞ്ഞപ്പോൾ കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ല. സർവകക്ഷി സംഘത്തെ അയച്ച് ഈ പ്രശ്നം കേന്ദ്ര ശ്രദ്ധയിൽ കൊണ്ടുവരണമെന്നു നിയമസഭയിൽ താൻ പറഞ്ഞപ്പോൾ മുഖ്യമന്ത്രി സമ്മതിക്കുകയായിരുന്നു. സർവകക്ഷി സംഘത്തെ ഇക്കാര്യത്തിൽ കുറ്റപ്പെടുത്താനാവില്ല. മുൻകൂർ തയാറെടുപ്പു നടത്തി വിഹിതം നേടിയെടുക്കേണ്ടിയിരുന്നതു സംസ്ഥാന സർക്കാരായിരുന്നു. 2016 സെപ്റ്റംബർ വരെ കേരളത്തിന് എങ്ങനെ അരിവിഹിതം പൂർണമായി നൽകിയെന്നു പരിശോധിച്ചശേഷം പ്രതികരിക്കുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്– ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

ബിജെപിയോടു കോൺഗ്രസിനു മൃദു സമീപനമില്ലെന്നു ശശി തരൂരിന്റെ ഓഫിസ് സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. തരൂരിന്റെ ഓഫിസ് ആക്രമണത്തോടു ഹൈക്കമാൻഡ് രൂക്ഷമായി പ്രതികരിച്ചില്ലെന്നതു വ്യാഖ്യാനം മാത്രമാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. ആ സംഘത്തിലെ പോരാളിയാണു തരൂർ. അവിശ്വാസ പ്രമേയത്തോടെ ബിജെപിയുടെ അവസാനത്തിനു തുടക്കമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

related stories