Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാറ്റ് ഉപകരണങ്ങൾ ഓൺലൈനിൽ; എക്സൈസ് കമ്മിഷണർ അന്വേഷണം തുടങ്ങി

Excise

തിരുവനന്തപുരം ∙ ‍ഓൺലൈൻ വഴി മദ്യ വാറ്റ് ഉപകരണങ്ങൾ വിൽപനയ്ക്ക്; എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങും ഒരെണ്ണം ബുക്ക് ചെയ്തു. ചാരായം വാറ്റുന്നതിനെക്കുറിച്ചു യുട്യൂബിൽ വന്ന വിഡിയോ കണ്ടാണു കമ്മിഷണർ ഓൺലൈൻ വ്യാപാര വെബ്സൈറ്റുകളിൽ പരതിയത്. ചാരായം നിർമിക്കാൻ സാധിക്കുന്ന യന്ത്രങ്ങൾ പല രൂപത്തിലും വലുപ്പത്തിലുമുണ്ട്. 24,000 രൂപ വിലയുള്ള ഉപകരണത്തിനു 3000 രൂപ വിലക്കുറവു കണ്ടു ഋഷിരാജ് സിങ് ഒരെണ്ണം ബുക്ക് ചെയ്തു.

വൈകാതെ ബുക്കിങ് നമ്പർ വന്നു. നമ്പർ അയച്ചവരെ കമ്മിഷണർ വിളിച്ചു. കമ്മിഷണർ ആണെന്നു മനസ്സിലാക്കിയതോടെ അവർ മാപ്പുപറഞ്ഞു. തങ്ങൾ കുറിയർ കമ്പനിയാണെന്നും വരുന്ന സാധനങ്ങൾ എത്തിക്കുന്നുവെന്നേയുള്ളൂവെന്നും പറഞ്ഞാണ് അവർ തടിതപ്പിയത്.

പിന്നാലെ കമ്മിഷണർ വിതരണക്കാരുടെ ഏജന്റുമാരെ ബന്ധപ്പെട്ടു. ഇതു കേരളത്തിൽ വിൽക്കുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്. 

അന്വേഷണം ആരംഭിച്ചതോടെ വ്യാപാരസൈറ്റുകളിൽനിന്നു ചാരായ നിർമാണ ഉപകരണ‌ങ്ങളെല്ലാം അപ്രത്യക്ഷമായി. ചില വിദേശ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ഉപകരണം ഇപ്പോഴുമുണ്ട്.

ഉപകരണം ആരെങ്കിലും വാങ്ങിയിട്ടുണ്ടോയെന്നു കണ്ടെത്താൻ സൈബർ സെല്ലിനു നിർദേശം നൽകിയിരിക്കുകയാണു കമ്മിഷണർ. ഇതു സ്ഥിരീകരിച്ചാൽ നടപടിയെടുക്കുമെന്നു ഋഷിരാജ് സിങ് പറഞ്ഞു. കുക്കർ ഉപയോഗിച്ചു ചാരായം വാറ്റുന്നതിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ വഡിയോ ഉണ്ട്. കേരളത്തിലുള്ളവരാണ് ഇതിന്റെ അവതാരകർ. ഇവരെക്കുറിച്ചും അന്വേഷിക്കും – കമ്മിഷണർ പറഞ്ഞു. 

ഓൺലൈൻ വഴി ലഹരി വിതരണം നടത്തുന്നവരുടെ വിശദാംശങ്ങൾ എക്സൈസ് ശേഖരിച്ചു. ഇന്ത്യയിൽ ലഹരിമരുന്നു വിൽക്കുന്നില്ലെന്നാണ് അവരുടെ വിശദീകരണമെങ്കിലും എക്സൈസ് നിരീക്ഷിക്കുന്നുണ്ട്.

 ഓൺലൈൻ വ്യാപാര നിയന്ത്രണത്തിന് എക്സൈസിന് അധികാരമില്ലാത്തതു ലഹരിമരുന്നു വിൽ‍പനക്കാർക്കെതിരെ നടപടിയെടുക്കാൻ തടസ്സമാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കിട്ടും, വ്യാജ ലഹരി മരുന്നുകൾ

ഓൺലൈനിൽ വ്യാജ ലഹരിമരുന്നുകളും വിൽക്കുന്നുണ്ട്. കുറച്ചു ഗുളികകൾ ഋഷിരാജ് സിങ് ബുക്ക് ചെയ്തു വരുത്തി ലാബിൽ പരിശോധിച്ചപ്പോൾ ലഹരിയുടെ അംശം കണ്ടെത്തിയില്ല. ഓൺലൈൻ വഴിയുള്ള ലഹരി കച്ചവടത്തിനെതിരെ രക്ഷിതാക്കൾ ഉൾപ്പെടെ ജാഗ്രത പുലർത്തണമെന്നും കമ്മിഷണർ പറഞ്ഞു.