Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഎസ്‍സി: ഉയർന്ന പ്രായപരിധിയിൽ വിധവകൾക്ക് അഞ്ചു വർഷം ഇളവ്

psc

പാലക്കാട് ∙ പിഎസ്‍സി പരീക്ഷകൾക്ക് അപേക്ഷിക്കുന്നതിനുള്ള ഉയർന്ന പ്രായപരിധിയിൽ വിധവകൾക്ക് അഞ്ചു വർഷം ഇളവു ലഭിക്കും. 36 വയസ്സാണു പൊതു വിഭാഗത്തിനു പിഎസ്‍സി പരീക്ഷ എഴുതാനുള്ള ഉയർന്ന പ്രായപരിധി. പുതിയ ഗസറ്റ് വിജ്ഞാപനം അനുസരിച്ചു ജനറൽ വിഭാഗത്തിൽ ഉൾപ്പെടുന്ന വിധവകൾക്ക് ഇനി 41 വയസ്സുവരെ അപേക്ഷിക്കാം.

നിലവിൽ 39 വയസ്സ് ഉയർന്ന പ്രായപരിധിയുള്ള ഒബിസി (ഈഴവ, മുസ്‍ലിം ഉൾപ്പെടെ) വിഭാഗത്തിലെ വിധവകൾക്കു 44 വയസ്സു വരെയും 41 വയസ്സ് ഉയർന്ന പ്രായപരിധിയുള്ള പട്ടികവിഭാഗത്തിലെ വിധവകൾക്ക് 46 വയസ്സു വരെയും അപേക്ഷിക്കാം. അതേസമയം, പൊതു വിഭാഗത്തിന് ഉയർന്ന പ്രായപരിധി 40 വയസ്സായി നിജപ്പെടുത്തിയ അധ്യാപക തസ്തികയിൽ പട്ടികവിഭാഗത്തിന് ഇനി 50 വയസ്സു വരെയും ഒബിസി വിഭാഗത്തിന് 48 വയസ്സു വരെയും അപേക്ഷിക്കാം.

എന്നാൽ, എല്ലാ വിഭാഗങ്ങളിലെയും വിധവകൾക്ക് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 50 ആയും നിജപ്പെടുത്തിയിട്ടുണ്ട്. വ്യക്തികളുടെയും വിധവകളുടെ വിവിധ സംഘടനകളുടെയും അപേക്ഷകൾ പരിഗണിച്ചാണ് ഉയർന്ന പ്രായപരിധിയിൽ ഇളവു വരുത്തി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത്. വിഷയത്തിൽ സർക്കാർ പിഎസ്‍സിയുടെ നിലപാട് തേടുകയും പിഎസ്‍സി അനുകൂലമായി പ്രതികരിക്കുകയും ചെയ്തതോടെയാണു നിയമഭേദഗതി നടത്തിയത്.