Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശുവണ്ടി വ്യവസായത്തിന് കേന്ദ്ര പാക്കേജ് വരുന്നു; കണ്ണൂർ വിമാനത്താവളം വേഗം തുറക്കും

cashew

ന്യൂഡൽഹി ∙ കശുവണ്ടി വ്യവസായത്തിനായി കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം പാക്കേജ് തയാറാക്കി വരികയാണെന്ന് വാണിജ്യ, വ്യവസായ, വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി. ഇതു വൈകാതെ ധന മന്ത്രാലയത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാനകമ്പനികൾക്ക് സർവീസ് നടത്താനുള്ള അനുമതി നൽകാൻ കേന്ദ്ര സർക്കാരിന് നയപരമായ തീരുമാനം വേണ്ടിവരുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

വിനോദസഞ്ചാര സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും വി.മുരളീധരൻ എംപിയും കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റബറിന് കുറഞ്ഞ താങ്ങുവില നിശ്ചയിക്കണമെന്നും അത് ഉൽപാദനച്ചെലവിന്റെ 50 ശതമാനത്തിൽ അധികമായിരിക്കണമെന്നും കണ്ണന്താനം ആവശ്യപ്പെട്ടു. ഇക്കാര്യം ധനമന്ത്രാലയത്തോട് ആലോചിക്കണമെന്നും അതിനുശേഷം കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനു വയ്ക്കണമെന്നും മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കും ദമാമിലേക്കും സർവീസ് നടത്താൻ ജെറ്റ് എയർവെയ്സിനും ഗോ എയറിനും അനുമതി നൽകിയതായി സുരേഷ് പ്രഭു പറഞ്ഞു. ദോഹയിലേക്കു സർവീസ് നടത്താൻ ഇൻഡിഗോ എയർലൈൻസിനും അനുമതി നൽകും. എയർ ഇന്ത്യ എക്സ്പ്രസ് അബുദാബി, മസ്കത്ത്, റിയാദ് എന്നിവിടങ്ങളിലേക്കു സർവീസ് നടത്താനാണ് അപേക്ഷ നൽകിയിരിക്കുന്നത്. അതും അംഗീകരിക്കുമെന്നു മന്ത്രി പറഞ്ഞു.

എന്നാൽ കണ്ണൂരിലേതു പുതിയ വിമാനത്താവളം ആയതിനാൽ അവിടെനിന്നു വിദേശ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെങ്കിൽ നയപരമായ തീരുമാനം എടുക്കേണ്ടിവരും. ഇരുരാജ്യങ്ങളും തുല്യനിലയിൽ സർവീസുകൾ അനുവദിക്കുമെങ്കിലേ ഇതു സാധ്യമാകൂ. കണ്ണൂർ വിമാനത്താവളം തുറക്കാൻ വേണ്ട നടപടികൾ ത്വരിതപ്പെടുത്താമെന്നും സുരേഷ് പ്രഭു ഉറപ്പു നൽകി.