Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനതാദളിലെ ആഭ്യന്തര തർക്കം: ദേവെഗൗഡ മാത്യു ടി.തോമസുമായി കൂടിക്കാഴ്ച നടത്തി

Mathew T. Thomas

ന്യൂഡൽഹി ∙ മന്ത്രി സ്ഥാനം സംബന്ധിച്ചു ജനതാദളിലെ (എസ്) ആഭ്യന്തര തർക്കം പരിഹരിക്കാൻ ദേശീയ അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡ ഇടപെടുന്നു. മന്ത്രി മാത്യു ടി.തോമസുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, പ്രശ്ന പരിഹാരമാർഗം വൈകാതെ നിർദേശിക്കുമെന്നു പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നു ഗൗഡ മുന്നറിയിപ്പു നൽകി.

സംസ്ഥാന പ്രസിഡന്റ് പദവി മാത്യുവിനു നൽകി കെ. കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കുക എന്ന പ്രശ്നപരിഹാര ഫോർമുലയാണ് ഗൗഡയുടെ സജീവ പരിഗണനയിലെന്നാണു സൂചന. കൃഷ്ണൻകുട്ടി വിഭാഗം അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ച് തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുകയാണെന്നു ഗൗഡയുമായുള്ള കൂടിക്കാഴ്ചയിൽ മാത്യു ടി.തോമസ് പറഞ്ഞു. തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ പാർട്ടിക്കുള്ളിൽ ശ്രമം നടക്കുന്നു. ദേശീയ നേതൃത്വത്തിന്റെ ഏതു തീരുമാനവും അംഗീകരിക്കുമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം അദ്ദേഹം പ്രതികരിച്ചു.

ദേശീയ ജനറൽ സെക്രട്ടറി ഡാനിഷ് അലിയുമായും അദ്ദേഹം ചർച്ചനടത്തി. കേന്ദ്ര പദ്ധതികൾ നേടിയെടുക്കുന്നതിൽ മന്ത്രി പൂർണ പരാജയമാണെന്നു കാട്ടി കൃഷ്ണൻകുട്ടി വിഭാഗം ഗൗഡയ്ക്കു പരാതി നൽകിയിട്ടുണ്ട്. രണ്ടു വർഷത്തിനു ശേഷം മന്ത്രി സ്ഥാനത്തുനിന്നു മാറിക്കൊടുക്കാമെന്ന ധാരണ മാത്യു ടി.തോമസ് പാലിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. മന്ത്രിയെ തീരുമാനിക്കാൻ കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗമാണ് അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിനു വിട്ടത്.