Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: ഭരണഘടന മാത്രം നോക്കുന്നത് പ്രശ്നം വഷളാക്കുമെന്ന് ദേവസ്വം ബോർഡ്

Sabarimala-Temple

ന്യൂഡൽഹി∙ പുരോഗമനപരമല്ലെന്ന കാഴ്ചപ്പാടിനെയും ഭരണഘടനാപരമായ ധാർമികതയെയും മാത്രം അടിസ്ഥാനമാക്കി ശബരിമല വിഷയത്തിൽ വിധി പറയുന്നത് പ്രശ്നങ്ങളുടെ പെട്ടി തുറക്കുന്ന നടപടിയാകുമെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് മുൻപാകെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വാദം. ഭരണഘടനാപരമായി മാത്രം നോക്കുമ്പോൾ അംഗീകരിക്കാനാവാത്ത രീതികൾ എല്ലാ മതങ്ങളിലുമുണ്ടെന്നും ബോർഡിനു വേണ്ടി അഭിഷേക് സിങ്‌വി വാദിച്ചു. കേസിൽ സർക്കാർ നിലപാടു മാറ്റുന്നതു സുപ്രീം കോടതി വിലക്കിയിട്ടുള്ള രീതിയാണെന്നു സിങ്‌വി വിമർശിച്ചു.

ശബരിമലയിലെ വിലക്ക് പുരുഷാധിപത്യ ക്രമത്തിന്റെ ഭാഗമാണെന്നു കോടതി പറഞ്ഞപ്പോൾ, എല്ലാ മതത്തിലും പുരുഷാധിപത്യ സ്വഭാവമുള്ള ആചാരങ്ങളുണ്ടെന്നു സിങ്‌വി മറുപടി നൽ‍കി. അത്തരം രീതികൾ ശ്രദ്ധയിൽപ്പെടുമ്പോൾ അവയ്ക്കെതിരെ കോടതി നിലപാടെടുക്കാറുണ്ടെന്നു ബെഞ്ച് വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് മുൻ‍പാകെ ഇന്നും വാദം തുടരും.

ബോർഡും നിലപാടു മാറ്റിയെന്ന് കോടതി: നിശ്ചിത പ്രായത്തിലുള്ള സ്ത്രീകൾ വരുന്നതിനെ ഇപ്പോൾ എതിർ‍ക്കുന്ന ബോർഡ്, മണ്ഡലകാലത്തും മകരവിളക്കിനും വിഷുവിനും മാത്രമാണ് 10– 50 പ്രായത്തിലുള്ള സ്ത്രീകൾക്കു വിലക്കുള്ളതെന്നും മലയാള മാസത്തിലെ അഞ്ചു ദിവസം തടസ്സമില്ലെന്നും ഹൈക്കോടതിയിൽ പറഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

എപ്പോൾ എന്ത് എങ്ങനെ സംഭവിക്കുമെന്നല്ല, ആചാരം ഭക്തരിൽ ആഴത്തിൽ വേരോടിയിട്ടുള്ള വിശ്വാസമാണോ, അതു ദീർഘകാലമായുളളതാണോ എന്നാണു ചോദിക്കേണ്ടതെന്നു സിങ്‌വി മറുപടി നൽകി. ശാരീരിക കാരണങ്ങൾ മാത്രം പറഞ്ഞ് സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന നിലപാട് കോടതി ആവർത്തിച്ചു.

വിലക്ക് അനുപേക്ഷണീയമോ?: ഭരണഘടനാപരമായി നോക്കുമ്പോൾ സ്ത്രീകൾക്കുള്ള വിലക്ക് വിശ്വാസത്തിന്റെ അനുപേക്ഷണീയ ഘടകമാണോയെന്നു കോടതി ചോദിച്ചു. ശബരിമലയിലെ ഭക്തരെ ഒരു മതവിഭാഗമായി കണക്കാക്കണമെന്നും ആചാരങ്ങളുടെ കാര്യത്തിൽ അവസാനവാക്ക് തന്ത്രിയുടേതാണെന്നും സിങ്‌വി വിശദീകരിച്ചു. എന്നാൽ, എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രത്തെ ഒരു മതവിഭാഗത്തിന്റേതെന്ന് എങ്ങനെ പറയുമെന്നു കോടതി ചോദിച്ചു.

ആറ്റുകാൽ ക്ഷേത്രത്തിൽ പുരുഷന്മാർക്കു പൊതുവിലും പുഷ്കറിലെ ബ്രഹ്മക്ഷേത്രത്തിൽ വിവാഹിതരായ പുരുഷന്മാർക്കു മാത്രമായും വിലക്കുണ്ടെന്ന് സിങ്‌വി പറഞ്ഞു. ഈ ക്ഷേത്രങ്ങളിൽ സമ്പൂർണ വിലക്കില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ലിംഗപരമായ വിവേചനമുണ്ടെങ്കിൽ, അതു ഭരണഘടനാപരമായി നിലനിൽക്കുമെന്നു തെളിയിക്കേണ്ട ബാധ്യത, ആചാരം നിലനിർത്തണമെന്നു വാദിക്കുന്നവർക്കാണെന്നും ബെഞ്ച് വ്യക്തമാക്കി.