Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാർ പൂട്ടൽ തോൽവിക്കു കാരണമായെന്ന് ഹൈക്കമാൻഡിനു കെപിസിസി റിപ്പോർട്ട്

x-default

തിരുവനന്തപുരം∙ കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാറുകൾ പൂട്ടിയതിനെത്തുടർന്നുണ്ടായ അബ്കാരി ലോബിയുടെ പ്രതിഷേധം നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയകാരണമായെന്നു കോൺഗ്രസ് ഹൈക്കമാൻഡിനു കെപിസിസിയുടെ റിപ്പോർട്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ചു സർക്കാരിൽ അഴിമതിയുണ്ടെന്ന പരസ്യപ്രതികരണങ്ങളും തോൽവിയിൽ പങ്കുവഹിച്ചെന്നു കെപിസിസി നേതൃത്വം ചൂണ്ടിക്കാട്ടി.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഹൈക്കമാൻഡ് ആവശ്യപ്പെട്ട രാഷ്ട്രീയ റിപ്പോർട്ടിലാണ് ഇക്കാര്യം ഔദ്യോഗികമായി തുറന്നുപറയാൻ കെപിസിസി തയാറായത്. രണ്ടും മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരായുള്ള ഒളിയമ്പായി. ഇടതുമുന്നണിയുമായി അബ്കാരി ലോബി കൈകോർത്തു നീങ്ങിയതു യുഡിഎഫിന്റെ സാധ്യതകളെ ബാധിച്ചുവെന്നു കെപിസിസി അഭിപ്രായപ്പെട്ടു. ‍കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തോടനുബന്ധിച്ചാണു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ റിപ്പോർട്ട് കേന്ദ്രനേതൃത്വത്തിനു കൈമാറിയത്.

നിയമസഭാ തിരഞ്ഞെടുപ്പു ഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോഴെന്നും കെപിസിസി അവകാശപ്പെട്ടു. ബിഡിജെഎസുമായി ബിജെപി ഉണ്ടാക്കിയ സഖ്യം ഈഴവ വോട്ടുകൾ ചോർത്തി. സിപിഎമ്മും ബിജെപിയും നിരന്തരം അക്രമരാഷ്ട്രീയത്തിലേർപ്പെടുന്നതു വോട്ട് ബാങ്ക് കൂടി ലക്ഷ്യമിട്ടാണ്. ഇതുവഴി ബിജെപിയെ ചെറുക്കാൻ തങ്ങളേയുള്ളൂവെന്ന സന്ദേശം ന്യൂനപക്ഷത്തിനു നൽകുകയാണു സിപിഎം. ഈ രാഷ്ട്രീയലക്ഷ്യങ്ങൾ തുറന്നുകാണിക്കുന്ന പ്രചാരണത്തിലാണ് കോൺഗ്രസ്. ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ നയസമീപനത്തിനാണു കോൺഗ്രസ് ശ്രമിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കേണ്ടിയിരുന്ന ഇടുക്കി, തൃശൂർ, ചാലക്കുടി സീറ്റുകൾ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇടുക്കിയിലെ തോൽവിക്കു കാരണമായത്. ചാലക്കുടി, തൃശൂർ സീറ്റുകൾ പി.സി.ചാക്കോയും കെ.പി.ധനപാലനും വച്ചുമാറിയതും പരാജയത്തിനു വഴിവച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തു കോൺഗ്രസ് ഏറ്റെടുക്കാനുദ്ദേശിക്കുന്ന മുഖ്യവിഷയങ്ങളും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. പെട്രോൾ–ഡീസൽ വിലവർധനയെത്തുടർന്നുള്ള വിലക്കയറ്റം, അക്രമരാഷ്ട്രീയം തുടങ്ങിയവ ഇതിൽപെടുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ചെയ്ത സംഘടനാതല ഒരുക്കങ്ങളും റിപ്പോർട്ടിലുണ്ട്.