Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിനകത്തു പൂട്ടിയിട്ട കുട്ടികളെ മോചിപ്പിച്ചു

paravoor-house-arrest

കരുമാലൂർ (കൊച്ചി)∙ പ്രാഥമിക വിദ്യാഭ്യാസംപോലും നൽകാതെ കുട്ടികളെ വീടിനകത്തു പൂട്ടിയിട്ട സംഭവത്തിൽ ജില്ലാ െചെൽഡ്‌ വെൽഫെയർ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവരെ ഏറ്റെടുത്തു മാറ്റിപ്പാർപ്പിച്ചു. കലക്ടറുടെ ഉത്തരവുപ്രകാരമാണു നടപടി. ആലുവയിലെ കുട്ടികളുടെ ഹോമിലേക്കാണു മാറ്റിയത്. കോട്ടുവള്ളി തത്തപ്പിള്ളി പ്ലോച്ചേട്ടിൽ അബ്ദുൽ ലത്തീഫിന്റെയും രേഖയുടെയും മൂന്നു മക്കളെയാണ് ഇന്നലെ അ‍ഞ്ചുമണിയോടെ മോചിപ്പിച്ചു മാറ്റിപ്പാർപ്പിച്ചത്. അമ്മ രേഖ മക്കൾക്കൊപ്പമുണ്ട്. പിതാവ് അബ്ദുൽ ലത്തീഫ് വീട്ടിൽതന്നെയാണ്.

അത്താണി തത്തപ്പിള്ളി കവലയ്ക്കു സമീപമുള്ള ഇരുനിലക്കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണു മൂന്നു ആൺകുട്ടികളും രക്ഷിതാക്കളും വർഷങ്ങളായി താമസിച്ചിരുന്നത്. വീടിന്റെ വാതിലുകളും ജനലുകളും എപ്പോഴും അടച്ചു കുറ്റിയിട്ട നിലയിലായിരുന്നു. മുകളിലേക്കു പ്രവേശിക്കുന്ന ഗ്രില്ലുകളും താഴിട്ടു പൂട്ടിയിരുന്നു. കുട്ടികൾക്കു പുറംലോകവുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്നാണു നാട്ടുകാർ പറയുന്നത്. സമീപവാസികളുടെ പരാതിയെത്തുടർന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, ചൈൽഡ് പ്രൊട്ടക്‌ഷൻ കൗൺസിൽ, പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുട്ടികളെ മോചിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 

ഇന്നലെ രാവിലെ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി കുട്ടികളും മാതാപിതാക്കളുമായി സംസാരിച്ചു. തുടർന്നു തഹസിൽദാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കുട്ടികളെ മോചിപ്പിക്കാൻ കലക്ടർ ഉത്തരവിട്ടത്. 

അബ്ദുൽ ലത്തീഫും രേഖയും പത്തു വർഷമായി തത്തപ്പിള്ളിയിൽ താമസമാക്കിയിട്ട്. അബ്ദുൽ ലത്തീഫ് വക്കീൽ ഗുമസ്തനായിരുന്നു. രേഖ വക്കീലാണ്. കുറച്ചു നാളായി ഇരുവരും ജോലിക്കു പോകുന്നില്ലെന്നാണു ബന്ധുകൾ പറഞ്ഞത്. ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷ‌ൻ ഓഫിസർ കെ.ബി. സൈന, ബാലാവകാശ കമ്മിഷൻ അംഗം ഡോ. എം.ബി. ആന്റണി, പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ്, പറവൂർ എസ്എെ കെ.എ. സാബു എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയാണു മോചിപ്പിച്ചത്. 

സംരക്ഷണം ഏറ്റെടുക്കാം: സഹോദരൻ

കുട്ടികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുക്കാൻ തയാറാണെന്ന് അബ്ദുൽ ലത്തീഫിന്റെ സഹോദരനായ അബ്ദുൽ മജീദ് അധികൃതരോടു പറഞ്ഞു. മിശ്രവിവാഹം കഴിച്ചതിനാൽ അബ്ദുൽ ലത്തീഫും കുടുംബവും ബന്ധുക്കളിൽ നിന്നെല്ലാം അകന്നാണു കഴിയുന്നതെന്നും 20 ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സ്കൂളിൽ വിടാൻ പേടിയെന്ന് രക്ഷിതാക്കൾ

സമൂഹവുമായി ഇടപഴകിയാൽ കുട്ടികൾ ചീത്തയാകുമെന്നും അതിനാൽ സ്കൂളുകളിൽ അയച്ചു പഠിപ്പിക്കാൻ പേടിയാണെന്നും കുട്ടികളുടെ രക്ഷിതാക്കൾ മാധ്യമങ്ങളോടു പറഞ്ഞു. ഇൗ രാജ്യത്തിന്റെ ഭരണവ്യവസ്ഥയിൽ വിശ്വാസമില്ലാത്തതിനാൽ കുട്ടികൾക്കു മറ്റു രാജ്യങ്ങളിലെ സിലബസ് അനുസരിച്ചുള്ള വിദ്യാഭ്യാസവും മതപരമായ പഠനവും വീട്ടിൽ നൽകുന്നുണ്ടെന്നും ഇവർ പറഞ്ഞു. കുട്ടികളെ രാജ്യത്തിനു വെളിയിലുള്ള സ്കൂളുകളിൽ അയച്ചു പഠിപ്പിക്കാനാണു താൽപര്യമെന്നും അറിയിച്ചു.

തടങ്കലിലല്ലെന്ന് കുട്ടികൾ 

ഞങ്ങൾ വീട്ടുതടങ്കലിൽ അല്ലെന്നും മാതാപിതാക്കൾ പുറത്തുകൊണ്ടുപോകാറുണ്ടെന്നും കുട്ടികൾ പറഞ്ഞു. വീട്ടിൽതന്നെ നല്ല രീതിയിൽ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്നും അവർ അറിയിച്ചു

നാട്ടുകാരുടെ പ്രതിഷേധം 

കുട്ടികളെ പുറത്തിറക്കുന്ന സമയത്തു നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. രണ്ടു ദിവസമായി വീടിനു സമീപത്തു നൂറുകണക്കിനാളുകളാണു നിലയുറപ്പിച്ചിരുന്നത്. വിദ്യാഭ്യാസം നൽകാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിരിക്കുകയാണെന്നതിനാൽ രക്ഷിതാക്കൾക്കു നേരെ നാട്ടുകാരുടെ ശകാരവർഷമായിരുന്നു. അധികൃതരുടെ അനാസ്ഥയാണ്  ഇത്രയുംനാൾ കുട്ടികളെ പുറത്തെത്തിക്കാൻ സാധിക്കാത്തതിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു. 

നിയമപരിഹാരം കാണും: എംഎൽഎ

കുട്ടികൾക്കു വിദ്യാഭ്യാസം നിഷേധിച്ചതു ഗുരുതരമായ പ്രശ്നമാണെന്നും നിയമപരമായി ഇൗ വിഷയം െകെകാര്യം ചെയ്യുമെന്നും വി.ഡി. സതീശൻ എംഎൽഎ പറഞ്ഞു.

related stories