Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഴിഞ്ഞം തുറമുഖക്കരാർ: നഷ്ടപരിഹാരം നൽകാൻ സർക്കാരിനു ബാധ്യതയില്ല

Vizhinjam

കൊച്ചി∙ വിഴിഞ്ഞം തുറമുഖ നിർമാണ കരാർ ഇടയ്ക്കുവച്ച് അവസാനിപ്പിച്ചാൽ കമ്പനിക്കു നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ സർക്കാരിന് ഒരുതരത്തിലും ബാധ്യതയല്ലെന്നും നിഷ്കർഷിച്ച രീതിയിലുള്ള വികസനപ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും തുറമുഖ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി ജയിംസ് വർഗീസ്. 20 വർഷത്തേക്കു മാത്രമേ ഭൂമി പണയപ്പെടുത്താൻ കമ്പനിക്കു സാധിക്കുകയുള്ളൂ എന്ന വിശദീകരണത്തോടെ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷനു മുൻപാകെയുള്ള വാദം പൂർത്തിയാക്കി.

കരാറിനെക്കുറിച്ച് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ച് അന്വേഷിക്കണമെന്ന ജോസഫ് വിജയന്റെ ഹർജി കുട്ടയിലെറിയുകയാണു വേണ്ടതെന്നു പരാമർശിച്ച കമ്മിഷൻ അതു തള്ളിക്കൊണ്ട് ഉത്തരവു പുറപ്പെടുവിച്ചു.
ദേശീയ ഹരിത ട്രൈബ്യൂണലിലും സുപ്രീം കോടതിയിലും പദ്ധതിക്കെതിരെ കേസ് നടത്തി പരാജയപ്പെട്ട ആളാണ് ജോസഫ് വിജയനെന്ന് ജയിംസ് വർഗീസ് പറഞ്ഞു. ജോസഫ് വിജയന് ഇനിയെന്തെങ്കിലും കമ്മിഷനെ ബോധിപ്പിക്കാനുണ്ടെങ്കിൽ 14നു മുൻപു സത്യവാങ്മൂലം സമർപ്പിച്ചാൽ മതിയെന്നു നിർദേശിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വാദം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്നും എത്രയും പെട്ടെന്നു റിപ്പോ‍ർട്ട് സമർപ്പിക്കുമെന്നും വ്യക്തമാക്കി. 2019 ജനുവരി വരെയാണ് കമ്മിഷൻ കാലാവധി.

കരാർ ഏതെങ്കിലും ഘട്ടത്തിൽ അവസാനിപ്പിച്ചാൽ കമ്പനിക്കു നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥ അദാനി ഗ്രൂപ്പിനെ സഹായിക്കാൻവേണ്ടി മാത്രമാണ് എന്നായിരുന്നു വിഎസ് സർക്കാരിലെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് മാത്യുവിന്റെ പ്രധാന ആരോപണം.

കരാറിലെ വകുപ്പുകൾ പൂർണമായും മനസ്സിലാക്കാതെയാണ് ഈ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് വ്യക്തമാക്കിയ ജയിംസ് വർഗീസ്, കരാർ റദ്ദാകുന്ന ആറു സാഹചര്യങ്ങളും ആ ഘട്ടങ്ങളിൽ സർക്കാരിനു സ്വീകരിക്കാവുന്ന നടപടികളും വിശദീകരിച്ചു. പദ്ധതിയുടെ പ്രാഥമികലക്ഷ്യം പൂർത്തീകരിക്കാതെ സർക്കാരിനു നഷ്ടപരിഹാരം നൽകേണ്ട സാഹചര്യമില്ലെന്നും വിശദീകരിച്ചു. വിഎസ് സർക്കാരിന്റെ കാലത്തു രൂപം കൊടുത്ത പദ്ധതിയെക്കാൾ 2,052 കോടി രൂപ ലാഭമുണ്ടാക്കുന്നതാണ് ഇപ്പോഴത്തെ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതിച്ചെലവുകൾക്കു മാത്രമായി തുടങ്ങിയ ബാങ്ക് അക്കൗണ്ടിന്റെ ഇതുവരെയുള്ള സ്റ്റേറ്റ്മെന്റ് ഹാജരാക്കാൻ കമ്മിഷൻ ആവശ്യപ്പെട്ടു.

സർക്കാർ ഈ അക്കൗണ്ടിലേക്ക് 293 കോടിയും അദാനി ഗ്രൂപ്പ് 1000 കോടിയും നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചന. പാറ ലഭിക്കാനുള്ള കാലതാമസംകൊണ്ടു പണികൾ  ഇഴഞ്ഞു നീങ്ങുകയാണെന്ന് അദാനി ഗ്രൂപ്പ് പ്രതിനിധി ചൂണ്ടിക്കാട്ടിയപ്പോൾ, തമിഴ്നാട്ടിൽനിന്നു പാറ കൊണ്ടുവരുന്നതാകും ഉചിതമെന്ന് കമ്മിഷൻ അധ്യക്ഷൻ പറഞ്ഞു. പ്രാദേശികമായി തടസ്സങ്ങൾ ഉണ്ടെങ്കിൽ സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും കമ്മിഷൻ ചൂണ്ടിക്കാട്ടി.

പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ക്വാറികളിൽ ഖനനം ചെയ്തെടുക്കുന്ന പാറ വിഴിഞ്ഞത്ത് എത്തിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിനായി ആറു ബാർജുകൾ ഉടൻ കൊണ്ടുവരുമെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. പാറ ഖനനത്തിന് അനുകൂല സാഹചര്യം ഒരുക്കാൻ സർക്കാർ  മുൻകൈ എടുക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.