Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി പ്രസിഡന്റ് ആരാവണം? ഡിസിസി പ്രസിഡന്റുമാർക്ക് ഹൈക്കമാൻഡിന്റെ ഫോൺ വിളി

congress-logo

ന്യൂഡൽഹി∙ കെപിസിസി പ്രസിഡന്റ് ആരാകണമെന്ന കാര്യത്തിൽ അഭിപ്രായം തേടി ഡിസിസി പ്രസിഡന്റുമാർക്കു ഹൈക്കമാൻഡിന്റെ അപ്രതീക്ഷിത വിളി. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണു ബുധൻ, വ്യാഴം ദിവസങ്ങളിൽ ജില്ലാ പ്രസിഡന്റുമാരെ ഫോണിൽ വിളിച്ചത്.

ഡിസിസി പ്രസിഡന്റുമാരുടെ മനസ്സറിയാൻ നടത്തിയ ‘വോട്ടെടുപ്പിൽ’ പലരും ഗ്രൂപ്പ് താൽപര്യമനുസരിച്ചുള്ള പേരുകൾ അറിയിച്ചപ്പോൾ മുന്നിലെത്തിയത് വി.ഡി. സതീശൻ, ബെന്നി ബഹനാ‍ൻ, കെ. സുധാകരൻ എന്നിവർ. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന് യോജ്യനായ, ചുറുചുറുക്കുള്ള നേതാവ് പ്രസിഡന്റാകണമെന്നു പറഞ്ഞ ഏതാനും ചിലർ സമദൂരം പാലിച്ചു.

കെപിസിസി പ്രസിഡന്റ് തീരുമാനം അന്തിമ ഘട്ടത്തിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ, ജില്ലാ നേതാക്കളുടെ വികാരം മനസ്സിലാക്കാനായിരുന്നു വാസ്നിക്കിന്റെ വിളി. കെപിസിസി പ്രസിഡന്റ് സംബന്ധിച്ചു ഹൈക്കമാൻഡിന്റെ മുന്നിൽ പല പേരുകൾ എത്തിയതോടെയാണ് ആശയക്കുഴപ്പം പരിഹരിക്കാൻ ജില്ലാ ഘടകങ്ങളുടെ കൂടി നിലപാട് തേടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വാസ്നിക്കിനോട് ആവശ്യപ്പെട്ടത്.

അപ്രതീക്ഷിതമായി വിളിച്ച വാസ്നിക് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉടൻ പേര് നിർദേശിക്കണമെന്നു പറഞ്ഞതു പലരെയും അങ്കലാപ്പിലാക്കി. ഗ്രൂപ്പുമായി കൂടിയാലോചന നടത്താൻ സമയം നൽകാതെ, അപ്പോൾ തന്നെ പേര് നിർദേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ബുധനാഴ്ച രാത്രി വിളിയെത്തിയപ്പോൾ തെക്കൻ ജില്ലയിലുള്ള ഒരു പ്രസിഡന്റിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി 11നു ഫോൺ സ്വിച്ച് ഓൺ ചെയ്തപ്പോൾ വാസ്നിക്കിന്റെ പത്തോളം മിസ്ഡ് കോൾ കണ്ട് അദ്ദേഹം ഞെട്ടി. രാത്രി ഏറെ വൈകിയതിനാൽ പിറ്റേന്നു തിരിച്ചു വിളിക്കാമെന്നു കരുതിയെങ്കിലും പുലർച്ചെ തന്നെ വാസ്നിക്കിന്റെ വിളി വീണ്ടുമെത്തി. പ്രസിഡന്റുമാരിൽ ഒരാൾക്കു മാത്രം അഭിപ്രായം ഇന്നറിയിക്കാൻ അദ്ദേഹം അനുമതി നൽകി.

ഹൈക്കമാൻഡിന്റെ മനസ്സിൽ ആരൊക്കെയാണെന്നു ചിലർ ചോദിച്ചപ്പോൾ നിലവിൽ ഉയർന്നു കേൾക്കുന്ന പേരുകളെല്ലാം പരിഗണനയിലുണ്ടെന്ന് വാസ്നിക് മറുപടി നൽകി – മുല്ലപ്പള്ളി രാമചന്ദ്രൻ, വി.ഡി. സതീശൻ, കെ. സുധാകരൻ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ്, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, കെ. മുരളീധരൻ എന്നിവരുടെ പേരുകൾ വാസ്നിക് അറിയിച്ചു.

ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ നിയമിക്കരുതെന്ന് ഏതാനും ചിലർ ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റിനെ മാറ്റുകയാണെങ്കിൽ അത് ഉടൻ വേണമെന്ന് ഒരു വിഭാഗം വ്യക്തമാക്കി. ജില്ലാ പ്രസിഡന്റുമാരുടെ നിലപാട് രാഹുലിനെ വാസ്നിക് വൈകാതെ അറിയിക്കും.

പ്രസിഡന്റ് നിർണയത്തിന്റെ ഭാഗമായുള്ള പല ഘട്ടങ്ങളിൽ ഒന്നു മാത്രമാണു ഡ‍ിസിസി പ്രസിഡന്റുമാരുടെ അഭിപ്രായം തേടലെന്നും അന്തിമ തീരുമാനമെടുക്കേണ്ടതു രാഹുലാണെന്നും ഹൈക്കമാൻഡ് വൃത്തങ്ങൾ അറിയിച്ചു.