Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്പസാരം: വനിതാ കമ്മിഷ‌ന്റെ ശുപാർശ ഔദ്യോഗിക നിലപാടല്ലെന്നു കണ്ണന്താനം

confession

ന്യൂഡൽഹി∙ കുമ്പസാരം നിരോധിക്കണമെന്ന ദേശീയ വനിതാ കമ്മിഷ‌ന്റെ ശുപാർശ ഔദ്യോഗിക നിലപാടല്ലെന്നു കേന്ദ്ര സർക്കാർ. വനിതാ കമ്മിഷന്റെ ശുപാർശയ്ക്കെതിരെ ന്യൂനപക്ഷ കമ്മിഷനും രംഗത്തെത്തി. വനിതാ കമ്മിഷന്റെ അഭിപ്രായം സർക്കാരിന്റെ ഔദ്യോഗിക നിലപാടല്ലെന്നു കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനമാണു വിശദീകരിച്ചത്. ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കണ്ണന്താനത്തിന്റെ പ്രതികരണം.

വനിതാ കമ്മിഷൻ അധ്യക്ഷ രേഖാശർമ പറഞ്ഞ അഭിപ്രായവുമായി കേന്ദ്ര സർക്കാരിനു ബന്ധമില്ലെന്നു കണ്ണന്താനം പറഞ്ഞു. മതവിശ്വാസങ്ങളിൽ ഇടപെടുന്നതു സർക്കാരിന്റെ രീതിയല്ല. വനിതാ കമ്മിഷന്റെ നിലപാട് അംഗീകരിക്കരുതെന്നാവശ്യപ്പെട്ടു പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

വനിതാ കമ്മിഷന്റെ ശുപാർശ ഭരണഘടനയുടെ 14,21,25 വകുപ്പുകളുടെ ലംഘനമാണെന്നു ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ കുറ്റപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തീരുമാനങ്ങളിലെത്തരുതെന്നാവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു. വനിതാ കമ്മിഷൻ ശു‌പാർശയിൽ ആശങ്കയറിയിച്ചു കെസിബിസി അധ്യക്ഷൻ ആർച്ച്ബിഷപ് ഡോ.എം.സൂസപാക്യം ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചിരുന്നു.

കമ്മിഷൻ നിലപാടു തെറ്റ്: കെസിബിസി

കുമ്പസാരം നിരോധിക്കണമെന്ന വനിതാ കമ്മിഷൻ നിലപാടു വൈദികരുടെ ജീവിതത്തെയും വിശ്വാസ്യതയെയും തകർക്കുന്നതാണെന്നു കാട്ടി പ്രധാനമന്ത്രിക്കും ന്യൂനപക്ഷ കമ്മിഷനും കെസിബിസി കത്തയച്ചു. കുമ്പസാരം നിരോധിക്കണമെന്ന ശുപാർശ വനിതാ കമ്മിഷന്റെ ചുമതലകളുമായി ബന്ധപ്പെട്ടതല്ല. വികാരിമാർക്കും ബിഷപ്പിനുമെതിരെയുള്ള ആരോപണങ്ങളിൽ പൊലീസ് അന്വേഷണം തുടരട്ടെയെന്നും കെസിബിസി പറഞ്ഞു.